ഹൈദരാബാദ്: മുൻ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിൻ്റെ മകളും മുൻ ബിആർഎസ് നേതാവുമായ കെ. കവിത പുതിയ പാർട്ടി രൂപീകരിച്ചു. തെലങ്കാന രാഷ്ട്ര സേന ( ടിആർഎസ്) എന്നാണ് പാർട്ടിയുടെ പേര്. പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിന് മുൻ എംപി കൂടിയായ ഇവരെ പിതാവിൻ്റെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് പുറത്താക്കിയതിന് മാസങ്ങൾക്ക് ശേഷമാണ് കവിത പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്.
നാടിൻ്റെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി തൻ്റെ പാർട്ടി നിലക്കൊള്ളുമെന്ന് വ്യക്തമാക്കിയാണ് കവിത പാർട്ടിക്ക് രൂപംകൊടുത്തിട്ടുള്ളത്. മാർച്ചിൽ പുതിയ പാർട്ടി രൂപികരിക്കുമെന്ന് കെ. കവിത വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു.
തെലങ്കാന സർക്കാർ 12 വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് വെള്ളം, ഫണ്ടുകൾ, ജോലികൾ എന്നിവ നൽകുന്നതിൽ പരാജയപ്പെട്ടെന്ന് കവിത ആരോപിച്ചു. സംസ്ഥാനത്ത് തുടർച്ചയായി വന്ന സർക്കാരുകൾ കർഷകരുടെയും യുവാക്കളുടെയും ക്ഷേമത്തിനായി ഒന്നും ചെയ്തില്ല. സാധാരണ ജനങ്ങളിലേക്ക് ഭരണ നേട്ടം എത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കവിത വ്യക്തമാക്കി. തെലങ്കാനയിലെ ബിആർഎസും ബിജെപിയും പരാജയമാണെന്നും, ഇവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും കവിത കുറ്റപ്പെടുത്തി.
