“മിണ്ടാതിരിക്കൂ ട്രംപ്”; പരിഹസിച്ച് ഇറാൻ, വൈറലായി എഐ വീഡിയോ

0
10

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാൻ പുറത്തുവിട്ട എഐ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വെടിനിർത്തൽ കരാർ നീട്ടിയതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.

അമേരിക്കയും ഇറാനും തമ്മിൽ പുതിയതായി നടന്ന ആക്രമണത്തെ സംബന്ധിച്ച് ഹൈദരാബാദിലെ ഇറാനിയൻ കോൺസുലേറ്റ് ട്രംപിനെയും “പാകിസ്ഥാൻ്റെ അഭ്യർഥനപ്രകാരം” വെടിനിർത്തൽ നീട്ടാനുള്ള തീരുമാനത്തെയും പരിഹസിക്കുന്നതാണ് വീഡിയോയിലെ ഉള്ളടക്കം.

45 സെക്കൻഡ് ദൈർഘ്യമുള്ള എഐ വീഡിയോയിൽ, ട്രംപും വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും മറ്റ് ഉദ്യോഗസ്ഥരും ചർച്ചയ്ക്കായി ഇറാൻ്റെ പ്രതിനിധികളെ കാത്തിരിക്കുന്നതായി കാണിക്കുന്നു. “ഇറാനുമായി മികച്ച ചര്‍ച്ചകൾ നടക്കുന്നു” എന്ന് ട്രംപ് പറയുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചർച്ചയിൽ ഇറാൻ ഇല്ലാത്തതിൽ ട്രംപ് നിരാശനാവുന്നതും ദേഷ്യപ്പെടുന്നതും വീഡിയോയിൽ കാണാം. വീഡിയോയുടെ അവസാന ഭാഗത്ത് “മിണ്ടാതിരിക്കൂ ട്രംപ്” എന്ന കുറിപ്പ് നൽകുന്നത് കാണാം.”ശരി, പാകിസ്ഥാൻ്റെ അഭ്യർഥനപ്രകാരം ഞാൻ വെടിനിർത്തൽ കരാർ നീട്ടാം” എന്ന് ട്രംപ് പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു.

“എങ്ങനെയാണ് വെടിനിർത്തൽ നീട്ടിയത്? ഇറാനിൽ വീഡിയോ വൈറലാകുകയാണ്.”എന്ന അടിക്കുറിപ്പോടുകൂടിയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇറാനുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുകയും വേഗത്തിൽ തന്നെ വൈറലാകുകയും ചെയ്തു. ഇത് ആദ്യമായല്ല ഇറാൻ എഐ ഉപയോഗിച്ച് ട്രംപിനെ പരിഹസിക്കുന്നത്.ഇതിനുമുൻപും ട്രംപിനെ പരിഹസിക്കുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. അതേ സമയം വെടിനിർത്തൽ കരാർ നീട്ടിയിട്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുകയാണ്.