തന്നെ അവഗണിക്കുന്നുവെന്നാരോപണം, കാമുകനെ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി, മൊബൈലിൽ ദൃശ്യം പകർത്തി

0
10

ബെംഗളൂരു: തന്നെ അവഗണിക്കുന്നുവെന്നാരോപിച്ച് ബെംഗളൂരുവിലെ അഞ്ജനാപുരയിൽ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി യുവതി. ടെലികോം സ്റ്റോറിലെ ജീവനക്കാരിയായ പ്രേരണ (27) ആണ് സഹപ്രവർത്തകനും കാമുകനുമായ കിരണിനെ (27) തീകൊളുത്തി കൊന്നത്. ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ അടുത്തകാലത്തായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.

കിരൺ തന്നോട് സംസാരിക്കുന്നില്ലെന്നും വിവാഹം കഴിക്കാൻ തയാറാകുന്നില്ലെന്നും പ്രേരണ കരുതിയിരുന്നു. തുടർന്ന് വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി കിരണിനെ പ്രേരണ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ കിരണിനോട് വിദേശരാജ്യങ്ങളിൽ പ്രചാരത്തിലുള്ള പുതിയ രീതിയിലുള്ള വിഹാഹ അഭ്യർ‌ഥന നടത്തുകയാണെന്ന് വിശ്വസിപ്പിച്ച് പ്രേരണ ഇയാളുടെ കണ്ണുകൾ മൂടിക്കെട്ടി. തുടർന്ന് കിരണിനെ കസേരയിൽ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു. ഇതിനിടെ നേരത്തെ കരുതിവച്ചിരുന്ന പെട്രോളുമായി എത്തിയ പ്രേരണ, കിരണിന്റെ ശരീരത്തിൽ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു.

കിരൺ തീപ്പൊള്ളലേറ്റ് മരിക്കുന്നത് പ്രേരണ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. ഇയാളുടെ മരണം വരെ പ്രേരണ ദൃശ്യങ്ങൾ നോക്കി നിന്നുവെന്നാണ് പൊലീസ് പറയുന്നത്. ഡിസിപി ഡി.എൽ. നഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രേരണയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കിരൺ തന്നെ അവഗണിക്കുന്നതിലുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്ന് യുവതി സമ്മതിച്ചു.