മുംബൈ: ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് യൂണിറ്റിൽ ജോലി ചെയ്യുന്ന യുവതി സഹപ്രവർത്തകർക്കെതിരെ ഉന്നയിച്ച ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്.
2025 ജൂണിൽ അസോഷ്യേറ്റ് ആയി ജോലിയിൽ പ്രവേശിച്ച തന്നെ സഹപ്രവർത്തകർ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതി പരാതിയിൽ പറയുന്നു. നവദമ്പതിയായ തന്നെ ‘പ്ലെയർ’, ‘സീറോ ഫിഗർ’ എന്നിങ്ങനെയുള്ള വിളിപ്പേരുകൾ ഉപയോഗിച്ച് അപമാനിക്കുകയും ഹിന്ദു ദൈവങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നത്.
പരിശീലന കാലയളവിൽ ടീം ലീഡറായ റാസ മെമോൻ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുമായിരുന്നെന്നും, സാരിയുടുത്ത് വന്ന ദിവസം പരസ്യമായി തന്റെ സാരിത്തുമ്പിൽ പിടിച്ച് വലിച്ചെന്നും യുവതി ആരോപിച്ചു. മറ്റൊരു സഹപ്രവർത്തകനായ ആസിഫ് അൻസാരി ഓഫിസിൽ വച്ച് ശരീരത്തിൽ മോശമായി സ്പർശിക്കുകയും ഇൻസ്റ്റഗ്രാമിലും ലിങ്ക്ഡ്ഇന്നിലും പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്തിരുന്നു. ജോലി തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാളുടെ അതിക്രമങ്ങൾ.
ഹണിമൂണിന് എവിടെയാണ് പോയതെന്നും അവിടെ എന്താണ് ചെയ്തതെന്നും റാസ തന്നോട് ചോദിച്ചതായി യുവതി പൊലീസിനോട് വെളിപ്പെടുത്തി. റാസ ഇത്തരം പരാമർശങ്ങൾ നടത്തുമ്പോഴെല്ലാം ടീം ലീഡർ ഷാരൂഖ് ഖുറേഷി അയാളെ പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്നും അവർ പറഞ്ഞു. വിവാഹജീവിതത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഷാരൂഖ് പലപ്പോഴും ചോദിക്കാറുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു.
‘‘ഭർത്താവുമായി ഒത്തുപോകാൻ കഴിയുന്നില്ലെങ്കിൽ ഞങ്ങളെ അറിയിക്കൂ. എന്തുചെയ്യണമെന്നും എങ്ങനെ മുന്നോട്ട് പോകണമെന്നും ഞങ്ങൾ കൃത്യമായി പഠിപ്പിച്ചുതരാം. നിങ്ങൾക്ക് ധാരാളം കാമുകന്മാർ ഉണ്ടായിരുന്നിരിക്കുമല്ലോ.
അവരെയെല്ലാം ഉപേക്ഷിച്ച് നിങ്ങൾ എങ്ങനെയാണ് വിവാഹിതയായത് ? ആ കാമുകന്മാർ ഇപ്പോഴും നിങ്ങളെ പഴയതുപോലെ പിന്തുടരുന്നുണ്ടെങ്കിൽ, നിങ്ങളുടെ കുടുംബമോ ഭർത്താവോ അതറിഞ്ഞാൽ എന്താകും സംഭവിക്കുക ? നിങ്ങൾ എന്തുചെയ്യും ?’’ – റാസ തന്നോട് പറഞ്ഞതായി യുവതി പരാതിയിൽ പറയുന്നു.
അതേസമയം, ടിസിഎസ് ജീവനക്കാരനായ റാസ മെമോനെതിരെയുള്ള ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങൾ വ്യാജമാണെന്നും ഓഫിസ് രാഷ്ട്രീയവും മത്സരവുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. റാസ പഠനത്തിലും ജോലിയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നയാളാണെന്നും അവർ കൂട്ടിച്ചേർത്തു.
