ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ ആവേശം ഇരട്ടിയാക്കി കൂടുതൽ ദേശീയ നേതാക്കൾ സംസ്ഥാനത്തെത്തി.
ഡിഎംകെ സഖ്യത്തിന് വോട്ട് തേടിയെത്തിയ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എംകെ സ്റ്റാലിനൊപ്പം ചെന്നൈയിൽ റോഡ് ഷോയിൽ പങ്കെടുത്തു. ഡിഎംകെ സഖ്യത്തിനായി രാഹുൽ ഗാന്ധിയും എത്തി. എൻഡിഎ സഖ്യത്തിനായി എൻ ചന്ദ്രബാബു നായിഡുവാണ് പ്രചാരണത്തിനിറങ്ങിയത്. കന്യാകുമാരിയിലും തൂത്തുകുടിയിലുമായിരുന്നു രാഹുൽ ഗാന്ധിയുടെ റാലി.
യു.പ്രതിഭ, കെ.കെ. രമ, ജി. സുധാകരൻ തുടങ്ങി ഐ.എം. വിജയൻ വരെ…; പ്രമുഖർ ടിഎംസിയിൽ എത്തുമെന്ന് അൻവർ; നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്
എഐഎഡിഎംകെയെ ഉപയോഗിച്ച് ബിജെപി തമിഴ്നാടിന്റെ സ്വത്വത്തെ ആക്രമിക്കുകയാണെന്ന് കന്യാകുമാരിയിലെ റാലിയിൽ രാഹുൽ ഗാന്ധി ആരോപിച്ചു.
തമിഴ്നാട് എന്ന ആശയം സംരക്ഷിച്ച വലിയ നേതാക്കൾ ഉണ്ടായിരുന്ന എഐഎഡിഎംകെ ഇന്ന് ബിജെപിയുമായി സന്ധി ചെയ്യുകയാണെന്നും രാഹുൽ വിമർശിച്ചു. തമിഴ്നാടിന്റെ വികസനത്തിന് എൻഡിഎ സർക്കാർ വരണമെന്ന് കോയമ്പത്തൂരിലെ പൊതുയോഗത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു.
രാഹുൽ ഗാന്ധി സ്റ്റാലിനൊപ്പം വേദി പങ്കിട്ടില്ലെന്ന വിമർശനങ്ങൾക്കിടെയാണ് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ വോട്ട് തേടി ചെന്നൈയിലെത്തിയത്. റോഡ് ഷോയിൽ സ്റ്റാലിനെ വാനോളം പുകഴ്ത്തിയ കേജ്രിവാൾ എൻഡിഎ സഖ്യത്തിനെതിരെ കടുത്ത വിമർശനവും ഉന്നയിച്ചു. ബിജെപിയും എഐഎഡിഎംകെയും ചേർന്നതല്ല എൻഡിഎയെന്നും എൻഡിഎ എന്നാൽ ബിജെപി മാത്രമെന്നും കെജ്രിവാൾ പറഞ്ഞു.
കോയമ്പത്തൂരിലായിരുന്നു ആന്ധ്രാ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ റാലി. ആന്ധ്രയുടെ വികസനം വേഗത്തിലാക്കാൻ ഇരട്ട എൻജിൻ സർക്കാർ മാതൃക സഹായിച്ചതായി നായിഡു അവകാശപ്പെട്ടു.
എൻഡിഎ സഖ്യം അധികാരത്തിലെത്തിയാൽ തമിഴ്നാടും അതിവേഗ വളർച്ചയ്ക്കും വികസനത്തിനും സാക്ഷ്യം വഹിക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ചെന്നൈയിൽ ബിജെപി മത്സരിക്കുന്ന ഏക സീറ്റായ മൈലാപ്പൂരിൽ തമിഴിസൈ സൗന്ദർരാജന് വോട്ട് തേടി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെത്തി. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടതായി അണ്ണാമലൈ ആരോപിച്ചു.
ചെന്നൈയിലുമായിരുന്നു ടിവികെ അധ്യക്ഷൻ വിജയ് യുടെ പ്രചാരണം. അതിനിടെ സത്യവാങ്മൂലത്തിലെ പൊരുത്തക്കേടിൽ വിജയ്ക്ക് മദ്രാസ് ഹൈക്കോടതി നോട്ടിസ് അയച്ചു. വിജയ് 100 കോടിയുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ല എന്നാരോപിച്ചുള്ള ഹർജിയിലാണ് കോടതി നടപടി. വിജയ്ക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷനും ആദായക നികുതി വകുപ്പും മറുപടി നൽകണമെന്നാണ് നിർദേശം.