വാഷിങ്ടണ്‍: യുഎസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ചരക്കുകപ്പല്‍ ഹോര്‍മൂസിന് സമീപം പിടിച്ചെടുത്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിയന്‍ പതാക നാട്ടിയ Touska എന്ന് പേരുള്ള ചരക്കുകപ്പലാണ് അമേരിക്ക പിടിച്ചെടുത്തത്.
അമേരിക്ക നല്‍കിയ മുന്നറിയിപ്പ് വിലകൊടുക്കാതെ വന്നതോടെയാണ് ഒമാന്‍ തീരത്തിന് സമീപത്തുവെച്ച് കപ്പല്‍ പിടിച്ചെടുത്തതെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റിലൂടെ അറിയിച്ചു.
‘മിസൈല്‍ പ്രഹരശേഷിയുള്ള അമേരിക്കയുടെ യുദ്ധകപ്പലായ യുഎസ്എസ് സ്പ്രുവാന്‍സ് ഇറാനിയന്‍ കപ്പലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇറാനിയന്‍ സംഘം അത് കേള്‍ക്കാന്‍ തയ്യാറായില്ല. പിന്നാലെ ഞങ്ങളുടെ നാവികകപ്പല്‍ എഞ്ചിന്‍ റൂമില്‍ ദ്വാരം ഉണ്ടാക്കി അവരുടെ കപ്പലിനെ തടയുകയായിരുന്നു.
നിലവില്‍ യുഎസ് നേവിയുടെ കസ്റ്റഡിയിലാണ് കപ്പല്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ മുന്‍കാല ചരിത്രം ഉള്ള Touska യുഎസ് ട്രഷറി ഉപരോധത്തിന് കീഴിലാണ്. കപ്പല്‍ പൂര്‍ണ്ണമായും ഞങ്ങളുടെ നിയന്ത്രണത്തിലാണ്. അതില്‍ എന്താണെന്ന് പരിശോധിച്ചുവരികയാണ്’, ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കാലയളവ് അവസാനഘട്ടത്തിലേക്ക് എത്തിനില്‍ക്കെയാണ് അമേരിക്കയുടെ ഈ നീക്കം. അതേസമയം അമേരിക്കയുടെ നീക്കം വെടിനിര്‍ത്തല്‍ ലംഘനമാണെന്നും തിരിച്ചടിക്കുമെന്നും ഇറാന്‍ പറഞ്ഞു.
അതേസമയം ഹോര്‍മൂസ് നിയന്ത്രണം സംബന്ധിച്ച് ഇറാന്‍ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ കപ്പലുകള്‍ക്ക് ഹോര്‍മൂസിലൂടെയുള്ള പ്രവേശനം നിരോധിക്കും, ശത്രു രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ദേശീയ സുരക്ഷാ കൗണ്‍സില്‍ അനുമതി നിര്‍ബന്ധമാക്കും, ഇറാനെ ആക്രമിച്ച രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അനുമതി നല്‍കില്ല തുടങ്ങിയ നിബന്ധനകളാണ് പുതിയ നിയമത്തിലുള്ളത്.
