ദില്ലി: ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചതിന് പിന്നാലെ രണ്ട് ഇന്ത്യൻ കപ്പലുകള്‍ക്കുനേരെയുണ്ടായ വെടിവെയ്പ്പിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ. സംഭവത്തിന് പിന്നാലെ ഇറാനോട് പൂർണ്ണമായും അകലുന്ന നയം വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. ഇറാൻ വിഷയം പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
അതേസമയം, ഹോർമുസ് ഉപാധികളില്ലാതെ തുറക്കണം എന്ന ഇന്ത്യൻ നിലപാടിനെ പിന്തുണച്ച് യുഎഇ രംഗത്തെത്തി. ഇറാന്‍റെ ആണവ, മിസൈൽ പദ്ധതികളിൽ വ്യക്തമായ തീരുമാനം സമാധാനത്തിന് അനിവാര്യമെന്നും യുഎഇ വ്യക്തമാക്കി. അതേസമയം, ഇന്നലെ നടന്ന വെടിവെയ്പിനിടയിലും ദേശ് ഗരിമ എന്ന ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നു. ഇന്ത്യ -ഇറാൻ ബന്ധം ശക്തമെന്നും വിഷയം പരിഹരിക്കുമെന്നുമാണ് ഇറാൻ വ്യക്തമാക്കുന്നത്.
അതേസമയം, ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാൻ ആവര്‍ത്തിച്ചു. യുഎസ് സമുദ്ര ഉപരോധം അവാനിപ്പിക്കാതെ കപ്പലുകൾ കടത്തിവിടില്ലെന്നാണ് പ്രഖ്യാപനം. ഇന്ത്യൻ കപ്പലുകൾ ആക്രമിക്കപ്പെട്ടതോടെ നിരവധി ടാങ്കറുകൾ ഹോര്‍മുസ് കടക്കുന്നതിൽ നിന്ന് പിന്മാറി.
ഒമാൻ തീരത്തോട് ചേർന്ന് 25 നോട്ടിക്കൽ മൈൽ അകലെയും 20 നോട്ടിക്കൽ മൈൽ അകലെയും മൂന്ന് നോട്ടിക്കൽ മൈൽ അകലെയുമാണ് കപ്പലുകൾ ആക്രമിക്കപ്പെട്ടത്. ഒരു കണ്ടെയിനർ കപ്പലിന് ആക്രമണത്തിൽ കണ്ടെയ്നറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമിക്കപ്പെട്ട മറ്റൊരു കപ്പൽ ഒരു ടാങ്കറാണ്.
മൂന്ന് ആക്രമണങ്ങളാണ് യുകെ മാരിടൈം ഏജൻസി സ്ഥിരീകരിച്ചത്. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള ഇന്ത്യൻ കപ്പലുകൾ ഇറാൻ തിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ടായിരുന്നു. 20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട സൂപ്പർ ടാങ്കറും ഇറാൻ തടഞ്ഞിരുന്നു. സംഭവത്തെതുടര്‍ന്ന് ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തയിരുന്നു.
ഇറാനിലെ തുറമുഖങ്ങൾക്കെതിരെയുള്ള നാവിക ഉപരോധം പൂർണ്ണ തോതിൽ തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് സ്ഥിതിഗതികൾ വീണ്ടും വഷളാക്കിയത്. ഇതോടെ കടലിടുക്ക് തുറന്നു കൊടുക്കാനുള്ള മുൻ തീരുമാനം ഇറാൻ പിൻവലിക്കുകയും നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു. ചർച്ചകളിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇറാന്റെ ഈ പ്രത്യാക്രമണം.
