തെഹ്റാന്: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.
ലബനാനിലെ വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി അവസാനിക്കുന്നതു വരെയാണ് കടലിടുക്ക് തുറന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാറിന്റെ ശേഷിക്കുന്ന സമയം വരെ എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി ഹോര്‍മുസ് പൂര്‍ണമായി തുറന്നിടുകയാണെന്നാണ് ഇറാന്റെ സുപ്രധാന പ്രഖ്യാപനം.
ലബനാനും ഇസ്റാഈലും തമ്മിലുള്ള 10 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ നിര്‍ണായക നടപടി. അതേസമയം, താത്ക്കാലിക വെടിനിര്‍ത്തലിനോട് ഇറാന് താത്പര്യമില്ലെന്നും മേഖലയില്‍ യുദ്ധം പൂര്‍ണമായി അവസാനിക്കുന്നതിനുള്ള വഴികളാണ് തേടുന്നതെന്നും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖാതിബ്സാദെ പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്ന കാര്യം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥരീകരിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് സ്ഥിരീകരണം. ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതില്‍ ഇറാന് അദ്ദേഹം നന്ദി അറിയിച്ചു.
