ദുബായ്: ഹോർമുസ് കടലിടുക്കിൽ ഇറാൻ ബന്ധമുള്ള കപ്പലുകളെ തടയാനുള്ള യുഎസ് നീക്കത്തിനിടെ, കടലിടുക്ക് ഇറാന്റെ സ്വത്തല്ലെന്ന് യുഎഇ. ഗൾഫ് രാജ്യങ്ങൾ ഹോർമുസിനെ മോചിപ്പിക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾക്കൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ ആക്രമണങ്ങളെത്തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്തി.
അതേസമയം, മധ്യസ്ഥചർച്ചകളിൽ വിട്ടുവീഴ്ചാമനോഭാവത്തോടെ പങ്കെടുക്കണമെന്ന് ഖത്തർ ഇറാനോട് ആവശ്യപ്പെട്ടു. ചർച്ചകളിൽ സമുദ്രപാതകളെ വിലപേശൽ ഉപകരണമാക്കരുതെന്നും ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായുള്ള ഫോൺ സംഭാഷണത്തിൽ പറഞ്ഞു.
ഹോർമുസ് തുറക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇസ്‌ലാമാബാദ് ചർച്ച പരാജയപ്പെട്ടത് യുഎസിന്റെ അന്യായ ആവശ്യങ്ങളും ഉപരോധവും മൂലമാണെന്ന് അറഗ്ചി പറഞ്ഞു. യുഎസ് സെൻട്രൽ കമാൻഡ് നൽകിയ അറിയിപ്പുപ്രകാരം ഒമാൻതീരം, ഹോർമുസ് കടലിടുക്ക് എന്നിവിടങ്ങളിലാണു കപ്പൽ ഉപരോധമെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.
….
