ഹോർമുസ് വീണ്ടും തുറന്നാലും രക്ഷയില്ല; എണ്ണ, എൽഎൻജി പ്രതിസന്ധിക്ക് ഉടനടി പരിഹാരമുണ്ടാകില്ല

0
13

വാരാന്ത്യത്തിൽ ടെഹ്‌റാനും വാഷിംഗ്ടണും തമ്മിൽ നടന്ന ചർച്ചകൾ സമവായത്തിലെത്താതെ അവസാനിച്ചതോടെ വീണ്ടും ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് ബുദ്ധിമുട്ടായേക്കുമെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.

എന്നാൽ സുപ്രധാന ജലപാത പൂർണമായും വീണ്ടും തുറന്നാലും, ഉപരോധത്തിൽ നിന്ന് ഉടലെടുത്ത ആഗോള എണ്ണ പ്രതിസന്ധി അത്ര വേഗമൊന്നും അവസാനിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹോർമുസിൽ ഇതിനകം കുടുങ്ങി കിടക്കുന്ന എല്ലാ ടാങ്കറുകളും കടന്നുപോകാൻ അനുവദിച്ചാലും, ഷിപ്പിംഗ് ലൈനുകൾ പേർഷ്യൻ ഗൾഫിലേക്ക് വീണ്ടും പ്രവേശിക്കാൻ തുടങ്ങുന്നതു വരെ കാര്യങ്ങൾ സാധാരണ നിലയിലാകില്ല.

ആഗോള അസംസ്കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിൻ്റെയും (എൽഎൻജി) അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഉപരോധമായിരുന്നു അമേരിക്കയുമായും ഇസ്രായേലുമായും ഉള്ള യുദ്ധത്തിൽ ഇറാൻ്റെ ഏറ്റവും ഫലപ്രദമായ ആയുധം.ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതുമുതൽ ഇറാൻ ആഗോള എണ്ണ പാതയെ തങ്ങളുടെ നിയന്ത്രണത്തിലാക്കിയതിനെ തുടർന്ന് എണ്ണവില കുതിച്ചുയരുകയും പണപ്പെരുപ്പം ഉയരുമെന്ന ആശങ്ക വർധിപ്പിക്കുകയും ചെയ്തിരുന്നു.

ഒരു ദിവസം ഏകദേശം 150 കപ്പലുകളാണ് ഹോർമുസ് വഴി കടന്നു പോയിരുന്നത് . മാർച്ചിൽ, എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇൻ്റലിജൻസിൻ്റെ കണക്കുകൾ പ്രകാരം, ഒരു മാസത്തിൽ ഏകദേശം 150 ടാങ്കറുകൾ മാത്രമാണ് ജലപാതയിലൂടെ കടന്നുപോയത്. നിലവിൽ ഹോർമുസ് ഉപരോധം നേരിടുന്ന സാഹചര്യത്തിൽ ടാങ്കർ ഉടമകൾ മുതൽ അവരുടെ ഇൻഷുറൻസ് കമ്പനികൾ വരെ കടലിടുക്ക് കടന്നുപോകാൻ തയ്യാറായിട്ടില്ല. ഇപ്പോൾ കടലിടുക്ക് തുറന്നാൽ പോലും, എണ്ണ ഒഴുക്ക് സാധാരണ നിലയിലാകാൻ ജൂലൈ വരെ എടുക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

യുഎസ്, ഇറാൻ ആക്രമണങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളും സാധനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതും തുടങ്ങി വിവിധ കാരണങ്ങളാൽ കഴിഞ്ഞ ആറ് ആഴ്ചയായി ഗൾഫിലെ എണ്ണ ഉൽപാദനത്തിലും കുറവ് നേരിടുകയാണ്.

ജലപാത വീണ്ടും തുറക്കുന്നത് തൻ്റെ ഉത്തരവാദിത്തമല്ലെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിട്ടും , കടലിടുക്ക് തുടർച്ചയായി അടച്ചിടുന്നത് യുഎസിനും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ പ്രതിസന്ധിയായി മാറുന്നതിനു മുമ്പ് പ്രശ്നം പരിഹരിക്കാൻ യുഎസ് നേതാവിന്ൽ മേൽ സമ്മർദമുണ്ട്.

ഇറാനെതിരെ സമ്മർദം ചെലുത്തുന്നതിൻ്റെ ഭാഗമായി ഇറാനിയൻ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും ഉൾപ്പെടെ എല്ലാ സമുദ്ര ഗതാഗതവും തിങ്കളാഴ്ച മുതൽ യുഎസ് സൈന്യം ഉപരോധിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിൻ്റെ ഈ തന്ത്രം വിജയിച്ചാൽ, ചർച്ചകളിൽ ഇറാൻ്റെ മേൽക്കൈ ഇല്ലാതാവുകയും ആഗോള വ്യാപാരത്തിനായി കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്യും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ എണ്ണവില കുറയുന്നതിന് കാരണമായേക്കും.