വാഷിംഗ്ടൺ: ആഗോള സാമ്പത്തിക മേഖലയെയും കപ്പൽ ഗതാഗതത്തെയും ഞെട്ടിച്ചുകൊണ്ട് കടുത്ത നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വന്നിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം യുഎസ് നാവികസേന ഭാഗികമായി ഉപരോധിക്കുമെന്നും ഇറാന്റെ നിബന്ധനകൾ അംഗീകരിച്ച് ടോൾ നൽകുന്ന കപ്പലുകൾ പിടിച്ചെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനുമായുള്ള ഇസ്‌ലാമബാദ് സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയെ നടുക്കുന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തകർക്കാൻ യുഎസ് നാവികസേനയ്ക്ക് ട്രംപ് നേരിട്ട് ഉത്തരവ് നൽകിയിരിക്കുകയാണ്. ഇതോടെ മേഖലയിൽ ഒരു നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്.
ട്രംപിന്റെ കർശന നിർദ്ദേശങ്ങൾ:
ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ കപ്പലുകളെ നിരീക്ഷിക്കാനും ഇറാന് പണം നൽകുന്ന കപ്പലുകൾ തടയാനും യുഎസ് നാവികസേനയ്ക്ക് നിർദ്ദേശം നൽകിട്ടുണ്ട്.ഇറാൻ കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള സമുദ്ര മൈനുകൾ നശിപ്പിക്കാൻ യുഎസ് നടപടി ആരംഭിക്കും. സമാധാനപരമായ ഗതാഗതത്തിന് തടസ്സം നിൽക്കുകയോ വെടിയുതിർക്കുകയോ ചെയ്താൽ ഇറാന് കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?:
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ സിംഹഭാഗവും കടന്നുപോകുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്. അമേരിക്കയുടെ ഈ ഉപരോധം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള എണ്ണ വരവിനെയും വ്യാപാര കപ്പലുകളുടെ സുരക്ഷയെയും പ്രതിസന്ധിയിലാക്കും.
ഇസ്‌ലാമബാദ് ചർച്ച പരാജയം
ലോകം മുഴുവൻ ഉറ്റുനോക്കിയ ഇസ്‌ലാമബാദ് ചർച്ചകൾ എങ്ങും എത്താതെ പോയതാണ് പുടിനെ പ്രകോപിപ്പിച്ചത്. ആണവ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കാൻ ഇറാൻ വിസമ്മതിച്ചതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആരോപിച്ചു.
എന്നാൽ ഇതിനെതിരെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് തിരിച്ചടിച്ചത് അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലെന്നും സമാധാന ശ്രമങ്ങളിൽ അവർക്ക് ആത്മാർത്ഥതയില്ലെന്നുമാണ്. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും കടുത്ത യുദ്ധഭീതി ഉയർന്നിരിക്കുകയാണ്.
ഇറാൻ നിയമവിരുദ്ധമായി ടോൾ ഈടാക്കി ആ പണം ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. ഹോർമുസ് കടലിടുക്കിലെ പുതിയ പ്രതിസന്ധി പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമുഖം തുറക്കുമോ എന്ന ആശങ്കയിലാണ് ലോകം.
