ശീതള പാനീയത്തിൽ ലഹരിമരുന്ന്, ഡോക്ടർ പീഡിപ്പിച്ചത് പത്ത് തവണ; ഗർഭനിരോധന ഗുളിക കഴിക്കാനും നിർബന്ധിച്ചു

0
20

ജയ്പൂർ: അജ്മീറിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർ തന്നെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ഫോട്ടോകളും വിഡിയോകളും കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പതിനാറു വയസ്സുകാരിയുടെ പരാതി.

താൻ വിവരം ധരിപ്പിച്ച ഒരു ഇ-മിത്ര ഓപ്പറേറ്ററും പിന്നീട് തന്നെ പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി ആരോപിച്ചു.

ഇരയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 2024 അവസാനം, പെൺകുട്ടി തന്റെ സഹോദരന്റെ ഭാര്യയുടെ പ്രസവസമയത്താണ് ആശുപത്രിയിൽ എത്തിയത്.

ഈ കാലയളവിൽ സൗഹൃദത്തിലായ പെൺകുട്ടിയുടെ മൊബൈൽ നമ്പർ വാങ്ങി ഡോക്ടർ അവളുടെ വിശ്വാസം പിടിച്ചുപറ്റി. പ്രസവം കഴിഞ്ഞ് സഹോദരന്റെ ഭാര്യ ഡിസ്ചാർജ് ആയെങ്കിലും ഡോക്ടർ ബന്ധം തുടർന്നു. പിന്നീട് പുറത്തു കൊണ്ടുപോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പ്രലോഭിപ്പിക്കുകയായിരുന്നു.

2025 ഫെബ്രുവരി 14ന് ഡോക്ടർ പെൺകുട്ടിയെ ഒരു ഫ്ലാറ്റിലേക്ക് കൊണ്ടുപോയി ശീതള പാനീയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. പീഡന ദൃശ്യങ്ങൾ പകർത്തി പിന്നീട് ഇത് കാണിച്ച് അവളെ ഭീഷണിപ്പെടുത്തി. ഇതിനുശേഷം പത്ത് തവണ ഡോക്ടർ തന്നെ പീഡിപ്പിച്ചെന്നും ഗർഭനിരോധന ഗുളികകൾ കഴിക്കാൻ നിർബന്ധിച്ചെന്നും പെൺകുട്ടി മൊഴി നൽകി.

ഇ-മിത്ര ഓപ്പറേറ്റർ പെൺകുട്ടിയെ ഹോട്ടലുകളിൽ കൊണ്ടുപോയി ആറ് തവണ പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഏപ്രിൽ 10ന് പെൺകുട്ടി വസ്ത്രം മാറുന്നതിനിടെ ശരീരത്തിൽ പരുക്കേറ്റ പാടുകൾ കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്. വീട്ടുകാർ ചോദിച്ചതോടെ പെൺകുട്ടി കരഞ്ഞുകൊണ്ട് താൻ അനുഭവിച്ച ക്രൂരതകൾ വിവരിക്കുകയായിരുന്നു. അതേസമയം, പരാതിയുടെ പുറത്ത് ഡോക്ടറെ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.