ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും റദ്ദാക്കി; നടപടി യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ

തിരുവനന്തപുരം: ഗൾഫ് മേഖലയിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി. പശ്ചിമേഷ്യൻ സംഘർഷം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ ആണ് തീരുമാനം. പ്ലസ് ടുവിന് ഒന്നാം വർഷത്തിലെ അന്തിമഫലം മാനദണ്ഡമാക്കി പകരം സംവിധാനം ഒരുക്കാനാണ് തീരുമാനം.

ഓണം, ക്രിസ്മസ് പരീക്ഷകളിലെ മാനദണ്ഡം അനുസരിച്ച് ബോണസ് മാർക്ക് കൂടി നൽകിയാകും എസ്എസ്എൽസി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുക. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദവും വാങ്ങും.

ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല കൂടിയാലോചന യോഗം ചേർന്നിരുന്നു. ഇനി കൃത്യസമയത്ത് പരീക്ഷ നടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. കഴിഞ്ഞ മാസം പൂർത്തീകരിക്കേണ്ട എസ്എസ്എൽസി പരീക്ഷ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് മാറ്റിവച്ചത്.