തംജീദ് സീസണ്‍-2: അനുമോദനം ഏപ്രിൽ 12 ന്

റിയാദ്: റമദാന്‍ പ്രമാണിച്ച് കോട്ടക്കല്‍ മണ്ഡലത്തിലെ 10 മുതല്‍ 15 വയസ്സ് വരെയുള്ള വിദ്യാര്‍ഥി – വിദ്യാര്‍ഥിനികള്‍ക്കായി റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി സംഘടിപ്പിച്ച ഓൺലൈൻ ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ (തംജീദ് സീസണ്‍-2) ഫല പ്രഖ്യാപനവും അനുമോദന സമ്മേളനവും
ഏപ്രിൽ 12 ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാടാമ്പുഴക്ക് സമീപമുള്ള മാറാക്കര സി. എച്ച് സെന്ററില്‍ വെച്ച് ഉച്ചക്ക് 3 മണിക്ക് നടക്കുന്ന  പരിപാടിയില്‍ മത്സര വിജയികളെ പ്രഖ്യാപിക്കുകയും അവര്‍ക്കുള്ള സമ്മാന വിതരണവും നടക്കും.

ഇതോടൊപ്പം, കഴിഞ്ഞ റമദാനില്‍ കെ എം സി സി പ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിച്ച കോട്ടക്കല്‍ മണ്ഡലത്തിലെ രോഗികള്‍ക്ക് അത്താണിയായി പ്രവർത്തിക്കുന്ന മാറാക്കര സി. എച്ച് സെന്റർ, വളാഞ്ചേരി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍, മലപ്പുറം സി എച്ച് സെന്റര്‍ എന്നിവക്കുള്ള സഹായ വിതരണം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പരിപാടി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങൾ ഉദ്ഘാടനം ചെയ്യും. റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിക്കും. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ രണ്ടത്താണി, ജനറല്‍ സെക്രട്ടറി സലാം വളാഞ്ചേരി, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. കെ സുബൈര്‍, മുസ്‌ലിം ലീഗ് ഭാരവാഹികള്‍, കെ എം സി സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടിയില്‍ നാട്ടിലുള്ള മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി, ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍, ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍, ചെയര്‍മാന്‍ അബൂബക്കര്‍ സി. കെ പാറ എന്നിവര്‍ അഭ്യര്‍ഥിച്ചു.