ന്യൂഡൽഹി: ഇറാനെതിരെ പരസ്യമായി കടുത്ത ഭീഷണികൾ മുഴക്കുമ്പോഴും, എത്രയും വേഗം ഒരു വെടിനിർത്തൽ നിലവിൽ വരണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിച്ചിരുന്നതായി പുതിയ റിപ്പോർട്ടുകൾ. മാർച്ചിൽ തന്നെ ഒരു വെടിനിർത്തൽ ഉണ്ടാകണമെന്ന് ട്രംപ് രഹസ്യമായി താല്പര്യപ്പെട്ടിരുന്നതായി ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.
ഇറാൻ ഭരണകൂടത്തെ തകർക്കുമെന്നും ആണവ നിലയങ്ങൾ തകർക്കുമെന്നുമുള്ള പരസ്യ പ്രസ്താവനകൾക്കിടയിലാണ് വൈറ്റ് ഹൗസ് തിരശ്ശീലയ്ക്ക് പിന്നിൽ വെടിനിർത്തലിനായി ചർച്ചകൾ സജീവമാക്കിയിരുന്നത്. ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നതും ഇറാന്റെ ശക്തമായ പ്രതിരോധ ശേഷിയും ട്രംപിനെ സമാധാന ചർച്ചകളിലേക്ക് മാറാൻ പ്രേരിപ്പിച്ചു എന്നാണ് സൂചന. മാർച്ച് 21-ന് ഇറാനെതിരെ കടുത്ത ഭീഷണി മുഴക്കിയ ഘട്ടത്തിൽ തന്നെ രഹസ്യമായി സമാധാന നീക്കങ്ങളും ആരംഭിച്ചിരുന്നു.
അമേരിക്കയുടെ ഈ താല്പര്യം നടപ്പിലാക്കാൻ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ആസിം മുനീറാണ് പ്രധാന മധ്യസ്ഥനായി പ്രവർത്തിച്ചത്. ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആസിം മുനീർ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഉൾപ്പെടെയുള്ള ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥരുമായി നിരന്തര സമ്പർക്കം പുലർത്തി. ഒരു മുസ്ലീം ഭൂരിപക്ഷ രാഷ്ട്രം എന്ന നിലയിൽ പാകിസ്ഥാന്റെ ഇടപെടൽ ഇറാനെയും ഇസ്റാഈലിനെയും വെടിനിർത്തലിന് സമ്മതിപ്പിക്കാൻ ട്രംപിന് സഹായകരമായി.
നിലവിൽ പ്രഖ്യാപിക്കപ്പെട്ട രണ്ടാഴ്ചത്തെ വെടിനിർത്തലിലൂടെ ഹോർമുസ് കടലിടുക്ക് തുറന്നു കിട്ടാനാണ് ട്രംപ് പ്രധാനമായും ലക്ഷ്യമിടുന്നത്. അമേരിക്കൻ സൈന്യം ആക്രമണം നിർത്തിവെച്ചാൽ തങ്ങളും പ്രതിരോധ നടപടികളിൽ നിന്ന് പിന്നോട്ട് പോകുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
