റിയാദ്: കേരളം നേരിടുന്ന സമാനതകളില്ലാത്ത ഭരണപ്രതിസന്ധിക്കെതിരെ പ്രവാസി മനസ്സ് പ്രഖ്യാപിച്ച് റിയാദ് കൊണ്ടോട്ടി മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ. ബത്തയിലെ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
റിയാദ് കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗവും കൊണ്ടോട്ടി മണ്ഡലം കെഎംസി മുഖ്യ രക്ഷതികാരിയുമായ കോയാമുഹജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണം കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുകയും അഭ്യസ്തവിദ്യരായ യുവാക്കളെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുകയും ചെയ്തതായി അദ്ദേഹം കുറ്റപ്പെടുത്തി. ഈ ദുർഭരണത്തിന് അന്ത്യം കുറിക്കാൻ പ്രവാസികളും അവരുടെ കുടുംബങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ മുഖ്യപ്രഭാഷണം നടത്തി.
സാധാരണക്കാരന്റെ മേൽ അടിച്ചേൽപ്പിച്ച അമിതമായ നികുതി ഭാരവും, വിലക്കയറ്റവും മൂലം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ലഹരി മാഫിയകളുടെ വിളനിലമായി കേരളം മാറുമ്പോഴും ആഭ്യന്തര വകുപ്പ് പരാജയമായി തുടരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനം ഇതിന് ബാലറ്റിലൂടെ മറുപടി നൽകും, കേരളത്തിലെ അർഹരായ ഉദ്യോഗാർത്ഥികളോട് സർക്കാർ കാട്ടുന്നത് ക്രൂരമായ അവഗണനയാണ്. സർക്കാർ ജോലിക്ക് ആവശ്യമായ എല്ലാ യോഗ്യതകളും ഉണ്ടായിട്ടും മിടുക്കരായ യുവാക്കളെ തഴഞ്ഞ് സ്വന്തം പാർട്ടിക്കാർക്ക് മാത്രമാണ് പിൻവാതിൽ വഴി നിയമനം നൽകുന്നത്. പി.എസ്.സി വഴി ജോലി കാത്തിരിക്കുന്ന സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങൾ ഈ സർക്കാർ തകർത്തു,” അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥി ടി.പി. അഷ്റഫലി റിയാദിലെ പ്രവർത്തകരെ തത്സമയം) അഭിസംബോധന ചെയ്തു. മുൻ എംഎൽഎ ടി.വി. ഇബ്രാഹിം മണ്ഡലത്തിൽ തുടക്കം കുറിച്ച വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കും ജനാധിപത്യം തിരിച്ചുപിടിക്കാനുമുള്ള പോരാട്ടത്തിൽ പ്രവാസി സമൂഹത്തിന്റെ പിന്തുണ തനിക്ക് വലിയ ഊർജ്ജമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിയുന്ന എല്ലാ പ്രവർത്തകരും വോട്ട് രേഖപ്പെടുത്താൻ നാട്ടിലെത്തണമെന്നും, വരാൻ സാധിക്കാത്തവർ നാട്ടിലെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും വോട്ടഭ്യർത്ഥിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
റംസാൻ മാസത്തിൽ കൊണ്ടോട്ടി മണ്ഡലം കെഎംസിസി വനിതാ വിങ് സംഘടിപ്പിച്ച ഇസ്ലാമിക് ക്വിസ്, ഖുർആൻ പാരായണം മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ കൺവെൻഷനിൽ വിതരണം ചെയ്തു. റസാഖ് സാഹിബ് ഓമാനൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷറഫു പുളിക്കൽ സ്വാഗതമാശംസിച്ചു. മലപ്പുറം ജില്ലാ ഒഐസിസി നേതാക്കളായ അൻസാർ , വഹീദ് കെഎംസിസി സെന്റർ കമ്മിറ്റി നേതാക്കളായ സുഹൈബ് പനങ്ങാങ്ങര,സിറാജ് വള്ളിക്കുന്ന് ജില്ലാ കമ്മിറ്റി നേതാക്കളായ ഷഫീർതിരൂർ, മുനീർ വാഴക്കാട്, ഷബീർ പള്ളിക്കൽ, ഷക്കീൽ തിരൂർക്കാട്, മുനീർ മക്കാനി, മജീദ് മണ്ണാർമല, യൂനുസ് നാണത്ത് ,മാനു മഞ്ചേരി, മണ്ഡലം നേതാക്കളായ ബഷീർ സിയാംകണ്ടം, അഡ്വ: ഹബീബ് എന്നിവർ പ്രസംഗിച്ചു. ബഷീർ വിരിപ്പാടം ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കേരളത്തിലെ ഭരണമാറ്റത്തിന് പ്രവാസി കരുത്ത് ശക്തി പകരുമെന്ന പ്രഖ്യാപനത്തോടെയാണ് കൺവെൻഷൻ സമാപിച്ചത്.
