ടെഹ്റാൻ: ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ സമയം ബുധനാഴ്ച പുലർച്ചെ 5.30ന് (ഇന്ത്യൻ സമയം) അവസാനിക്കാനിരിക്കേയാണ് ട്രൂത്ത് സോഷ്യലിൽ ട്രംപിന്റെ മുന്നറിയിപ്പ്.
‘തിരികെക്കിട്ടാൻ ആകാത്തവിധം ഇറാൻ ഇന്ന് രാത്രി അവസാനിക്കും. അങ്ങനെയുണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് സംഭവിക്കും’ – ട്രംപ് കുറിച്ചു. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായിരിക്കും ഇന്ന് രാത്രിയുണ്ടാകുക എന്നും ട്രംപ് പറഞ്ഞു.
അതേസമയം, യുഎസ് – ഇസ്രയേൽ ആക്രമണങ്ങളിൽ പരുക്കേറ്റ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്. ഖൗമിൽ മുജ്തബ ചികിത്സയിലാണെന്നും യുദ്ധവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാനാവുന്ന അവസ്ഥയിൽ അല്ല അദ്ദേഹമെന്നും നയതന്ത്ര രേഖകൾ ഉദ്ധരിച്ച് ദ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതാദ്യമായാണ് മുജ്തബ എവിടെയാണെന്നതു സംബന്ധിച്ച വിവരം പുറത്തുവരുന്നത്.
ടെഹ്റാന് 140 കിലോമീറ്ററോളം തെക്കാണ് വിശുദ്ധ നഗരമായ ഖൗം. ‘ഗുരുതരാവസ്ഥയിലുള്ള മുജ്തബ ഖമനയി ഖൗമിൽ ചികിൽസയിൽ കഴിയുകയാണ്. ഭരണകൂടത്തിന്റെ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയിൽ പങ്കെടുക്കാനാകുന്ന അവസ്ഥയിൽ അല്ല അദ്ദേഹം’– യുഎസ്, ഇസ്രയേൽ ഇന്റലിജൻസ് വൃത്തങ്ങൾ ഗൾഫിലെ സഖ്യകക്ഷികളുമായി പങ്കുവച്ചതെന്ന് കരുതുന്ന രേഖയിൽ പറയുന്നു.
…..
