കൊച്ചി: സൗഹൃദം നടിച്ച് യുവാവിനെ അപാർട്മെന്റിലേക്ക് വിളിച്ച് വരുത്തി ക്രൂര മർദനത്തിനും മോഷണത്തിനും ഇരയാക്കി. പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ കെ വി സന്ദീപിനാണ് അതിക്രൂര മർദനത്തിന് ഇരയായത്. മാർച്ച് 30ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. പാലാരിവട്ടം സ്വദേശിയായ മനു സൗഹൃദം നടിച്ച് സന്ദീപിനെ അപ്പാർട്മെന്റിലേക്കു വിളിച്ചു. എന്നാൽ അവിടേക്കെത്തിയ സന്ദീപിനെ കാത്തിരുന്നത് ആക്രമണ സംഘമായിരുന്നു.
മനുവിനൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർ ചേർന്ന് സന്ദീപിനെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു.വയറ്റിൽ ചവിട്ടേറ്റും കൂട്ടമായി ആക്രമിക്കപ്പെട്ടും സന്ദീപ് ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിൽ വാരിയെല്ല് പൊട്ടിയതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മർദനത്തിന് ശേഷം സന്ദീപിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പ്രതികൾ പിടിച്ചെടുത്തു. അതിലെ വാലറ്റ് ആപ്പ് ഉപയോഗിച്ച് 24,757 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.
ഇതിന് പിന്നാലെ സന്ദീപിന്റെ പഴ്‌സിലുണ്ടായിരുന്ന 13,000 രൂപയും കവർന്നു. ഗുരുതരമായി പരുക്കേറ്റ സന്ദീപ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മനുവിനെയും കൂട്ടാളികളെയും കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
