ഉമ്മൻ ചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്ന് ചാണ്ടി ഉമ്മൻ; മുതലക്കണ്ണീർ ഒഴുക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്ന് വർഗീസ് ജോർജ്

തൃശൂർ: ഉമ്മൻ ചാണ്ടിയെ ചൊല്ലി ചാണ്ടി ഉമ്മനും സഹോദരി ഭർത്താവും കൊടുങ്ങല്ലൂർ മണ്ഡലത്തിലെ എൽഡിഎ സ്ഥാനാർഥിയുമായ വർഗീസ് ജോർജും തമ്മിൽ വാക്പോര്. ഉമ്മൻ ചാണ്ടിയുടെ പേരിൽ കൊടുങ്ങല്ലൂരിൽ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്ന് ചാണ്ടി ഉമ്മൻ പരാമർശമാണ് വാക്ക് പോരിന് വഴിതുറന്നത്. കൊടുങ്ങല്ലൂരിലെ യുഡിഎഫ് സ്ഥാനാർഥി ഒ.ജെ. ജനീഷിന്റെ പ്രചാരണത്തിനിടെയായിരുന്നു ചാണ്ടിയുടെ പരമാർശം.

എന്നാൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു വർഗീസ് ജോർജിന്റെ മറുപടി. മാധ്യമങ്ങളെ കൂട്ടി തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ താൻ പോയിട്ടില്ലെന്നും വർഗീസ് ജോർജ് തിരിച്ചടിച്ചു.

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയമാണ് താൻ അംഗീകരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് താൻ ഒറ്റയ്ക്ക് പോയി കല്ലറയിൽ തിരി കത്തിച്ചു മടങ്ങിപ്പോന്നിരുന്നു. തൻ്റെ പേര് ചേർത്തു മുതലക്കണ്ണീർ ഒഴുക്കി എന്ന് പറയരുതെന്നും ഡോക്ടർ വർഗീസ് ജോർജ് പറഞ്ഞു.