കോഴിക്കോട്: മുഹമ്മദ് റിയാസിനെ വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് പി.വി. അൻവർ. മുഹമ്മദ് റിയാസ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വ്യക്തി അധിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ അത് പൊതു സമൂഹത്തിന് മുന്നിൽ തെളിയിക്കണമെന്നും പി.വി. അൻവർ പറഞ്ഞു.
തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും വ്യക്തിഹത്യ ചെയ്തെന്ന മുഹമ്മദ് റിയാസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു പി.വി. അൻവർ. വ്യക്തി അധിക്ഷേപത്തിനെതിരെ മുഹമ്മദ് റിയാസ് അൻവറിനെതിരെ പരാതി നൽകിയിരുന്നു.
മരുമകനിസം എന്ന പ്രയോഗമാണ് പർവതീകരിക്കുന്നത്. മരുമകനിസം എന്ന വാക്കിൽ എവിടെയാണ് വ്യക്തിഹത്യ. അമിതാധികാരവും ദുർവിനിയോഗവുമാണ് മരുമകനിസം. പിണറായിയുടെ കുടുംബാധിപത്യത്തിനെതിരെയാണ് ശബ്ദമുയർത്തിയത്. മരുമകനിസം പരാമർശം ഇനിയും തുടരും. റിയാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല.
എന്താണ് വ്യക്തിഹത്യ നടത്തിയതെന്ന് തെളിയക്കണം. മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് പറഞ്ഞത് വികസന പ്രശ്നങ്ങൾ മാത്രമാണ് ചോദിച്ചത്. എന്നാൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല. ജനങ്ങളുടെ മുന്നിൽ ഉത്തരം മുട്ടി. എനിക്കെതിരെയാണ് റിയാസിൻ്റെ സുഹൃത്തുക്കൾ വ്യക്തിഹത്യ നടത്തുന്നത്. അതിൽ മാറാടും ബേപ്പൂരും ഞാൻ പരാതി നൽകിയിട്ടുണ്ട്, പി.വി. അൻവറിന്റെ വാക്കുകൾ.
ടൂറിസത്തിന്റെ പേരിൽ വ്യാപക കൊള്ളയാണ് നടക്കുന്നതെന്നും രണ്ട് മിനിറ്റിന്റെ നാല് റീൽസുണ്ടാക്കാൻ 49 ലക്ഷം രൂപ ചെലവിട്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും പി.വി. അൻവർ പറഞ്ഞു. കൂടാതെ, നവകേരള സദസിന്റെ പേരിൽ മുഹമ്മദ് റിയാസ് കരാറുകാരെ ഭീഷണിപ്പെടുത്തി പണം പിരിച്ചുവെന്നും തെളിവുകൾ കൈവശമുണ്ട് അദ്ദേഹം പറഞ്ഞു.
വീഡിയോ കോഴിക്കോട് അങ്ങാടിയിൽ 35 സ്ക്രീൻ വച്ച് വേണമെങ്കിൽ പ്രദർശിപ്പിക്കും. ചാലിയത്തും ബേപ്പൂരിലും ബിയർ പാർലറുകൾക്ക് മന്ത്രി നീക്കം നടത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെയാണ് ഇത് നടക്കാതെ പോയതെന്നും അൻവർ ആരോപിച്ചു.
