ന്യൂഡൽഹി: വിമാന ഇന്ധന വില വർധനയ്ക്കു പിന്നാലെ ഇൻഡിഗോ വിമാനടിക്കറ്റിനൊപ്പമുള്ള ഇന്ധന സർചാർജ് വർധിപ്പിച്ചു. ഏപ്രിൽ 2 പുലർച്ചെ ഒന്നു മുതൽ എടുക്കുന്ന ടിക്കറ്റുകൾക്ക് നിരക്ക് ബാധകമാകും.
മാർച്ച് 13 മുതൽ ദൂരവ്യത്യാസമില്ലാതെ എല്ലാ ആഭ്യന്തര സർവീസുകൾക്കും 425 രൂപയാണ് അധികമായി ഇൻഡിഗോ ഈടാക്കിയിരുന്നത്. ഇതിനി ദൂരപരിധിയനുസരിച്ച് 275 രൂപ മുതൽ 950 രൂപ വരെ വിവിധ സ്ലാബുകളായി ഈടാക്കും. ചെറുറൂട്ടുകളിലെ ഇന്ധനസർചാർജ് നേരിയ തോതിൽ കുറഞ്ഞെങ്കിലും ദൈർഘ്യമേറിയ റൂട്ടുകൾക്ക് ചെലവേറും. വരും ദിവസങ്ങളിൽ മറ്റു കമ്പനികളും നിരക്കുവർധന പ്രഖ്യാപിച്ചേക്കും.
ഗൾഫിലേക്ക് 900 രൂപയായിരുന്ന സർചാർജ് 2,000 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 3,000 രൂപയായും അതിനു മുകളിലുള്ളവയ്ക്ക് 5,000 രൂപയുമായി ഉയർന്നു. ചൈന, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള നിരക്ക് 1,800 രൂപയായിരുന്നത് 3,500 രൂപ മുതൽ 5,000 രൂപയായി ഉയർന്നു. ബ്രിട്ടനിലേക്കും യൂറോപ്പിലേക്കുള്ളത് 2,300 രൂപയായിരുന്നത് 10,000 രൂപയായി കുതിച്ചുയർന്നു. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ളത് 1,800 രൂപയായിരുന്നത് 5,000 രൂപയായി.
നിലവിലെ നിരക്കുകൾ ഇങ്ങനെ
∙ ആഭ്യന്തര സർവീസുകൾ: 425 രൂപ
∙ ഗൾഫ് രാജ്യങ്ങൾ: 900 രൂപ
∙ ചൈന, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക, പശ്ചിമേഷ്യ: 1,800 രൂപ
∙ യൂറോപ്പ്: 2,300 രൂപ
പുതുക്കിയ സർചാർജ് ഇങ്ങനെ (ഏപ്രിൽ 2 മുതൽ)
ആഭ്യന്തര സർവീസുകൾ
∙ 0 – 500 കിലോമീറ്റർ: 275 രൂപ
∙ 501 – 1,000 കിലോമീറ്റർ: 400 രൂപ
∙ 1001 – 1,500 കിലോമീറ്റർ: 600 രൂ
∙ 1501 – 2,000 കിലോമീറ്റർ: 800 രൂപ
∙ 2,000 കിലോമീറ്ററിനു മുകളിൽ: 950 രൂപ
രാജ്യാന്തര സർവീസുകൾ
∙ ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നിവയടങ്ങിയ ഇന്ത്യൻ ഉപഭൂഖണ്ഡം: 900 രൂപ (500 കിലോമീറ്റർ വരെ), 2,500 രൂപ (500 കിലോമീറ്ററിനു മുകളിൽ)
∙ ജിസിസി, മിഡിൽ ഈസ്റ്റ്: 3,000 രൂപ (2,000 കിലോമീറ്റർ വരെ), 5,000 രൂപ (2,000 കിലോമീറ്ററിനു മുകളിൽ)
∙ സൗത്ത് ഈസ്റ്റ് ഏഷ്യ, ചൈന: 3,500 രൂപ (2,000 കിലോമീറ്റർ വരെ), 5,000 രൂപ (2,000 കിലോമീറ്ററിനു മുകളിൽ)
∙ ആഫ്രിക്ക: 5,000 രൂപ
∙ ഗ്രീസ്, തുർക്കി: 7,500 രൂപ
∙ ബ്രിട്ടൻ, യൂറോപ്: 10,000 രൂപ
