വിജയ്ക്ക് 520 കോടി രൂപയുടെ ആസ്തി, ബിഎംഡബ്ല്യു അടക്കം ആഢംബര കാറുകൾ; സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത്

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്ക്ക് 520 കോടി രൂപയുടെ ആസ്തി. പെരമ്പൂരിൽ നാമനിർദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് ഡെപ്പോസിറ്റുകൾ, ആഭരണങ്ങൾ, വാഹനങ്ങൾ അടക്കമുള്ളവയുടെ വിവരങ്ങളാണ് സത്യവാങ്മൂലത്തിൽ ഉള്ളത്.

വിജയ്ക്ക് 515.73 കോടി രൂപയുടെ സ്വത്തും ഭാര്യ സംഗീതയുടെ പേരിൽ 18 കോടിയുടെ സ്വത്തുമാണുള്ളത്. വിജയ്‌യുടെ ജംഗമ ആസ്തികൾ 100 കോടിയിലധികവും സ്ഥാവര ആസ്തികൾ 115 കോടി രൂപയിലധികവുമാണ്. വിജയ്‌യുടെ ഭാര്യയ്ക്ക് 15 കോടിയിലധികം രൂപയുടെ ജംഗമ ആസ്തികളും ഏകദേശം 2.5 കോടി രൂപയുടെ സ്ഥാവര ആസ്തികളുമുണ്ട്. ഇരുവർക്കും ചേർന്ന് ആകെ 520 കോടിയുടെ ആസ്തിയാണെന്നാണ് സത്യവാങ്മൂലത്തിൽ നിന്ന് വ്യക്തമാകുന്നത്.

വിജയുടെ കൈവശം രണ്ട് ലക്ഷം രൂപയാണുള്ളത്. ബിഎംഡബ്ല്യു മോഡലുകൾ, ഒരു ടൊയോട്ട ലാൻഡ് ക്രൂയിസർ, ഒരു ടൊയോട്ട വെല്ലി, ഒരു മാരുതി സ്വിഫ്റ്റ്, ഒരു ടിവിഎസ് എസ്എൽ സൂപ്പർ എന്നിവയുൾപ്പെടെ നിരവധി ആഡംബര കാറുകളും വിജയുടെ പക്കലുണ്ടെന്ന് സത്യവാങ്മൂലത്തിൽ നിന്ന് വ്യക്തമാകുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ വിജയ്‌യുടെ വരുമാനം 734.4 കോടി രൂപയാണ്.

ചെന്നൈയിലെ പെരമ്പൂർ നിയോജക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിജയ് ഇന്നാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. പിന്നാലെ ഏപ്രിൽ 23ന് തെരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിയായ ടിവികെയ്ക്ക് അവസരം നൽകാനും പാർട്ടിയുടെ വിസിൽ ചിഹ്നത്തിന് വോട്ട് ചെയ്യാനും വിജയ് ജനങ്ങളോട് അഭ്യർഥിച്ചു.