കാർ വഴിയിൽ കുടുങ്ങിയാൽ രക്ഷകനായി എത്തും ഈ ഒരു കുഞ്ഞൻ ഉപകരണം

ന്യൂഡൽഹി: വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഒരു ഉപകരണമാണ് പ്രമുഖ ബ്രാൻഡായ പോർട്ടോണിക്സ് അടുത്തിടെ വിപണിയിൽ എത്തിച്ച വായു കോപ്പ് എന്ന 6 ഇൻ 1 കാർ എമർജൻസി യൂട്ടിലിറ്റി സ്റ്റേഷൻ.

ദൈനംദിന വാഹന പരിപാലനത്തിനും അപ്രതീക്ഷിതമായുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാനും സഹായിക്കുന്ന ആറ് സുപ്രധാന ഫീച്ചറുകളാണ് ഈ ചെറിയ ഉപകരണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 5,999 രൂപയാണ് ഇതിന്റെ വില.

ടയർ ഇൻഫ്ലേറ്റർ, വാക്വം ക്ലീനർ, എയർ ബ്ലോവർ, 12 വി ബാറ്ററി ജമ്പ് സ്റ്റാർട്ടർ, എൽ ഇ ഡി ഫ്ലാഷ്‌ലൈറ്റ്, പവർ ബാങ്ക് എന്നിങ്ങനെ ആറ് വ്യത്യസ്ത സേവനങ്ങൾ ഇതിലൂടെ ലഭിക്കും. 150 പി എസ് ഐ ഡിജിറ്റൽ ടയർ ഇൻഫ്ലേറ്റർ കാറുകളുടെയും ബൈക്കുകളുടെയും ടയറുകളിൽ കൃത്യമായ അളവിൽ കാറ്റ് നിറയ്ക്കാൻ സഹായിക്കും. അമിതമായി കാറ്റ് നിറയുന്നത് തടയാൻ ഓട്ടോ ഷട്ട് ഓഫ് സൗകര്യവും ഇതിലുണ്ട്. 5000 പി എ കരുത്തുള്ള വാക്വം ക്ലീനർ ഉപയോഗിച്ച് സീറ്റുകളിലെയും മറ്റും പൊടിയും അവശിഷ്ടങ്ങളും നീക്കം ചെയ്യാം. കൂടാതെ, 10,000 ആർ പി എം എയർ ബ്ലോവർ വെന്റുകളിലെ പൊടി നീക്കം ചെയ്യാൻ സഹായിക്കുന്നു.

വാഹനത്തിന്റെ ബാറ്ററി പെട്ടെന്ന് പണിമുടക്കിയാൽ സ്റ്റാർട്ട് ചെയ്യാൻ സഹായിക്കുന്ന 12 വി ജമ്പ് സ്റ്റാർട്ടറാണ് മറ്റൊരു പ്രത്യേകത. സുരക്ഷയ്ക്കായി സ്മാർട്ട് ക്ലാംപുകളും ഇതിലുണ്ട്. 2000 എം എ എച്ച് ശേഷിയുള്ള നാല് റീചാർജബിൾ ബാറ്ററികളിലാണ് ഇത് പ്രവർത്തിക്കുന്നത്. ടൈപ്പ് സി ചാർജിംഗ് സൗകര്യവും ലഭ്യമാണ്. രാത്രികാലങ്ങളിൽ സഹായകരമാകുന്ന എസ് ഒ എസ് മോഡോട് കൂടിയ എൽ ഇ ഡി ഫ്ലാഷ്‌ലൈറ്റും ഫോണുകൾ ചാർജ് ചെയ്യാനുള്ള പവർ ബാങ്ക് സൗകര്യവും ഇതിലുണ്ട്. ഡിജിറ്റൽ ഡിസ്‌പ്ലേ വഴി ടയർ പ്രഷറും ബാറ്ററി നിലയും മനസ്സിലാക്കാം.

പോർട്ടോണിക്സ് വെബ്സൈറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയ്ക്ക് പുറമെ മറ്റ് ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും ഇത് വാങ്ങാം. 12 മാസത്തെ വാറന്റിയും ഉൽപ്പന്നത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നു.