പറക്കുന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ

ലക്നൗ: വിമാനം ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. 

ഇന്നലെ രാത്രി 8.15 ന് ബെംഗളൂരുവിൽനിന്ന് വാരാണസിയിലേക്കു പുറപ്പെട്ട 6E-185 ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ മൗ ജില്ലക്കാരനായ മുഹമ്മദ് അദ്നാനാണ് വാതിൽ തുറക്കാൻ ശ്രമിച്ചത്. 

യാത്ര തുടങ്ങി 15 മിനിറ്റായപ്പോൾ തന്നെ അദ്നാൻ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചെന്നും ജീവനക്കാർ തടഞ്ഞപ്പോൾ അബദ്ധം പറ്റിയതാണെന്നു പറഞ്ഞെന്നും സുരക്ഷാഉദ്യോഗസ്ഥർ അറിയിച്ചു.‍ പിന്നീട് സാധാരണ നിലയിൽ പെരുമാറിയ അദ്നാൻ, രാത്രി 10.20 ഓടെ വാരാണസിയിലെ ലാൽ ബഹദൂർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ വീണ്ടും വാതിൽ തുറക്കാൻ ശ്രമിച്ചു.

വിമാനം ഭൂമിയിൽ നിന്ന് വെറും 500 അടി മാത്രം ഉയരത്തിലായിരുന്നു അപ്പോൾ. വിമാന ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൈലറ്റ് ലാൻഡിങ് ശ്രമം ഉപേക്ഷിച്ചു. വിമാനം ആകാശത്ത് ഒരു വട്ടം കൂടി വലംവച്ച ശേഷം 10.35ന് സുരക്ഷിതമായി ലാൻഡ് ചെയ്തു. 

അദ്നാന്റെ പ്രവൃത്തിയിൽ മറ്റു യാത്രക്കാർ ഭയന്നിരുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം അദ്നാനെ സിഐഎസ്എഫിനു കൈമാറുകയും പൊലീസിൽ വിവരമറിയിച്ച് കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്തപ്പോൾ, താൻ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും തനിക്കു പ്രേതബാധയുണ്ടെന്നുമായിരുന്നു അദ്നാൻ ആദ്യം പറഞ്ഞത്.

എന്നാൽ പിന്നീട് ഗോവയിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയാണെന്നും താൻ വലിച്ച ഹാൻഡിൽ എമർജൻസി ഡോറിന്റേതാണെന്ന് അറിയില്ലായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാളുടെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.