കേരളത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ എല്ലാം ചെയ്തു, എന്നാൽ ജനങ്ങൾക്ക് നൽകിയ പണം സംസ്ഥാന സർക്കാർ കട്ടുമുടിച്ചു: നരേന്ദ്ര മോദി

0
12

പാലക്കാട്: കേന്ദ്ര സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എടുത്ത് പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി. കേരളത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ എല്ലാം ചെയ്തു എന്നാൽ സംസ്ഥാന സർക്കാർ ഈ പണമെല്ലാം കട്ടുമുടിച്ചു. നിങ്ങൾക്ക് നൽകിയ പണമാണ് കേരള സർക്കാർ കൊള്ളയടിച്ചതെന്നും മോദി പറഞ്ഞു.

പാലക്കാടിന് നൽകിയ വികസന പദ്ധതികളെയും മോദി എടുത്തു പറഞ്ഞു. കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്നപ്പോഴാണ് പാലക്കാട് ഐഐടി വന്നത്. നാഷണൽ ഹൈവേയുടെ വികസനവും നടന്നു. പാലക്കാട് സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റിയായി മാറിയെന്നും മോദി പറഞ്ഞു.

അതേസമയം എവിടെ ഇടതുഭരണം ഉണ്ടോ അതെല്ലാം ജനങ്ങൾ ഒഴിവാക്കുകയാണ് ഇപ്പോൾ. ബംഗാളിലും ത്രിപുരയിലും അത് നമ്മൾ കണ്ടതാണ്. അതേ സംഭവം കേരളത്തിലും ആവർത്തിക്കാൻ പോകുന്നു. പെൻഷനും ശമ്പളവും കൃത്യ സമയത്ത് കൊടുക്കുന്നില്ല. അതേസമയം ബിജെപി, എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും പാലക്കാട് നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണത്തിനാണ് ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി പാലക്കാട് എത്തിയത്. മേഴ്സി കോളജ് ഹെലിപാഡിൽ വന്നിറങ്ങിയ മോദി മേഴ്സി കോളജ് പരിസരത്ത് നിന്ന് കോട്ട മൈതാനത്തേക്ക് റോഡ് ഷോ നടത്തി. മിഷൻ സ്കൂൾ ജംഗ്ഷൻ മുതൽ എസ്ബിഐ ജംഗ്ഷൻ വരെയാണ് റോഡ് ഷോ നടത്തിയത്. അതേസമയം കോട്ടമൈതാനത്തെ പൊതുസമ്മേളനത്തിന് ശേഷം വൈകീട്ട് നാല് മണിയോടെ തൃശൂരിലെ പരിപാടിക്കായി ഹെലികോപ്ടറിൽ തിരിക്കും.