ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് സമീപം വീണ്ടും ആക്രമണം; ആണവചോര്‍ച്ച ഇല്ലെന്ന് ഇറാന്‍

0
11

ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് സമീപം വീണ്ടും ആക്രമണമുണ്ടായതായി രാജ്യാന്തര ആണവോർജ ഏജൻസി അറിയിച്ചു. റിയാക്ടറിന് കേടുപാടുകളില്ലെന്നും  ആണവ ചോർച്ച ഇല്ലെന്നും ഇറാൻ ഐഎഇഎയെ അറിയിച്ചിട്ടുണ്ട്. അതേസമയം, റെവല്യൂഷണറി ഗാർഡ്‌സ് നാവികസേനാ ഇന്റലിജൻസ് മേധാവി ബെഹ്‌നാം റെസായി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. റെസായിയുടെ അനുശോചന ചടങ്ങുകൾ നടന്നതായി ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണവാർത്ത സ്ഥിരീകരിക്കപ്പെട്ടത്. 

റെസായി കൊല്ലപ്പെട്ടതായി നേരത്തെ ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനികതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുകയാണ്. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തില്‍ മിസൈൽ ആക്രമണത്തിൽ യുഎസ് സൈനികർക്ക് പരുക്കേൽക്കുകയും വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

അതേസമയം ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്യാൻ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ടീം ഇന്ത്യയായി പ്രതിസന്ധികളെ പ്രതിരോധിക്കണം. സംസ്ഥാനങ്ങളിൽ അവശ്യസാധനങ്ങളുടെ വിതരണ ശൃംഖല തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വ്യാപാരത്തിലെ സ്ഥിരതയും ഊർജ സുരക്ഷയും പരമപ്രധാനമാണ്.

ഷിപ്പിങ്‌, അവശ്യവസ്തുക്കളുടെ നീക്കം, സമുദ്ര സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളിൽ പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് മുഖ്യമന്ത്രിമാർ യോഗത്തിൽ പറഞ്ഞു. എക്സൈസ് ഡ്യൂട്ടി കുറച്ചതും വാണിജ്യ എൽപിജി വിഹിതം വർധിപ്പിച്ചതും സ്വാഗതാർഹമെന്നും ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അറിയിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തില്ല.