മുംബൈ: മഹാരാഷ്ട്രയിൽ ഔദ്യോഗിക വസതിയിൽ ട്രാൻസ് സ്ത്രീയോടൊപ്പമുള്ള മന്ത്രിയുടെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് രാഷ്ട്രീയ വിവാദം ഉടലെടുത്തു. സംസ്ഥാന ഭക്ഷ്യ-മരുന്ന് ഭരണ-സ്പെഷ്യൽ അസിസ്റ്റൻസ് മന്ത്രിയും എൻസിപി നേതാവുമായ നർഹരി സിർവാളിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചത്. മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷമായ മഹാ വികാസ് അഘാഡി ആവശ്യപ്പെട്ടു.
രണ്ട് മാസത്തിനിടെ സിർവാളുമായി ബന്ധപ്പെട്ട രണ്ടാമത്തെ വിവാദമാണ് ഉണ്ടാകുന്നത്. 35,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒരു എഫ്ഡിഎ ക്ലാർക്ക് അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയിലായതായിരുന്നു ആദ്യ സംഭവം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും എൻസിപി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി സുനേത്ര പവാറിനും മന്ത്രി വിശദീകരണം നൽകിയിരുന്നു.
നാസിക് ജില്ലയിലെ ദിൻഡോരിയിൽ നിന്ന് നാല് തവണ എംഎൽഎയും മഹാരാഷ്ട്ര നിയമസഭയുടെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സിർവാൾ (66), അന്തരിച്ച ഉപമുഖ്യമന്ത്രിയും എൻസിപി പ്രസിഡന്റുമായ അജിത് പവാറിന്റെ അടുത്തയാളായിരുന്നു. നർഹരി സിർവാളും ഒരു ട്രാൻസ്‌വുമണും ഉൾപ്പെട്ട വൈറൽ വീഡിയോയുടെ ആധികാരികത അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഫഡ്നവിസ് പറഞ്ഞു.
വീഡിയോ, മൂന്നോ നാലോ വ്യത്യസ്ത ക്ലിപ്പുകൾ ഒരുമിച്ച് ചേർത്താണ് നിർമ്മിച്ചതെന്ന് സിർവാൾ മുഖ്യമന്ത്രിയോട് പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഉടൻ തന്നെ പരാതി നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചു. രാജി സംബന്ധിച്ച തീരുമാനം അദ്ദേഹത്തിന്റെ പാർട്ടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
