കണ്ണൂർ: പാചകവാതക സിലിണ്ടർ ക്ഷാമത്തിന് പിന്നാലെ ഭക്ഷണ സാധങ്ങൾക്ക് വിലകൂട്ടി ഹോട്ടലുകൾ. 12 രൂപയുണ്ടായിരുന്ന ചായയ്ക്കും കടിക്കും 15 രൂപയാക്കി വർധിപ്പിച്ചു. മറ്റു ഭക്ഷണ സാധനങ്ങൾക്കും സമാനമായ രീതിയിൽ വില കൂട്ടിയിട്ടുണ്ട്. ഗ്യാസ് പ്രതിസന്ധി മൂലം പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്.
തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകളാണ് വില വർധിപ്പിച്ചത്. ഇന്ത്യൻ കോഫി ഹൗസ് ഉൾപ്പെടെ ചുരുക്കം ചില ഹോട്ടലുകൾ പ്രതിസന്ധിക്ക് മുമ്പുള്ള അതേ വിലയ്ക്കാണ് ഭക്ഷണം നൽകുന്നത്. എന്നാൽ വിഭവങ്ങൾ പകുതിയോളം വെട്ടിക്കുറച്ചു. പല ഹോട്ടലുകളും വിറക് അടുപ്പിലേക്ക് മാറുകയും ചെയ്തു.
ജില്ലയിലെ 50 ശതമാനം ഹോട്ടലുകൾ വിഭവങ്ങൾ കുറച്ചും വിറക് അടുപ്പ് ഉപയോഗിച്ചുമാണ് പിടിച്ചു നിൽക്കുന്നത്. പാചകവാതക വിതരണ കമ്പനികളുടെ വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് ഇപ്പോൾ 2400 രൂപയാണ് വില.
പശ്ചിമേഷ്യൻ സംഘർഷത്തിന് മുമ്പ് 1850 രൂപയായിരുന്നു. ഹോട്ടൽ ഉടമകൾ സ്വകാര്യ ഏജൻസികളിൽ നിന്ന് സിലിണ്ടറുകൾ വാങ്ങാറുണ്ട്. 17 കിലോയുെട ഇത്തരം സിലിണ്ടറുകൾക്ക് 2000 രൂപയുണ്ടായിരുന്നത് ഇപ്പോൾ മൂവായിരത്തിൽ അധികമാണ്.
ചിലയിടങ്ങളിൽ 5000 വരെ ഈടാക്കുന്നുണ്ട്. സ്വകാര്യ ഏജൻസികളെ ആശ്രയിച്ചാണ് ഹോട്ടലുകൾ മുന്നോട്ടു പോകുന്നത്. ഇതിനിടെ വിറകിന്റെ വിലയും വർധിച്ചു. 3000 രൂപയുണ്ടായിരുന്ന വിറകിന് ഇപ്പോൾ 5000 രൂപയായി. പല ഹോട്ടലുകളും വിറക് അടുപ്പ് ഇല്ലാത്തതിനാലാണ് പൂട്ടിയത്. ചില ഹോട്ടലുകൾ പുതിയ വിറക് അടുപ്പുകൾ നിർമിച്ചു.
അതേ സമയം, എൽപിജി ചാർജ്, ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ റസ്റ്ററന്റുകൾക്ക് ബില്ലിൽ അധിക തുക ചുമത്താനാകില്ലെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) വ്യക്തമാക്കി. ചില റസ്റ്ററന്റുകൾ ബില്ലിൽ അധിക ചാർജ് ചുമത്തിയതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിസിപിഎയ്ക്കും ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. എന്നാൽ കണ്ണൂരിൽ വില കൂട്ടിയ ഹോട്ടലുകൾ ബില്ലിൽ ഗ്യാസ് ചാർജ് എന്ന് ചേർക്കുന്നില്ല. പകരം ഭക്ഷണത്തിന്റെ വിലയാണ് വർധിപ്പിച്ചത്.
