ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ ഉൾപ്പെട്ട യുദ്ധസാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. നാളെ വൈകുന്നേരം 6.30 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നത്.
രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ എന്നിവ യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ ആഭ്യന്തര സ്ഥിരത ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമുള്ള കർമ്മപദ്ധതികൾ യോഗം വിലയിരുത്തും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അടുത്ത സഹകരണം ഉറപ്പാക്കി ‘ടീം ഇന്ത്യ’ എന്ന നിലയിൽ ഒറ്റക്കെട്ടായ പ്രതികരണം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ യോഗത്തിൽ പങ്കെടുക്കില്ല. പകരം ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ക്യാബിനറ്റ് സെക്രട്ടേറിയറ്റ് ആശയവിനിമയം നടത്തും. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയുടെ സാമ്പത്തിക മേഖലയെയും പ്രവാസികളെയും എങ്ങനെ ബാധിക്കുമെന്നതിൽ വിശദമായ പരിശോധന യോഗത്തിലുണ്ടാകും.
