തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ഇന്ന് കൂടി അവസരം. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അന്തിമ റിപ്പോർട്ട് പ്രകാരം സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 985 സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്.
ഇവർക്ക് വൈകിട്ട് മൂന്ന് മണി വരെ നാമനിർദേശ പത്രിക പിൻവലിക്കാൻ അവസരമുണ്ടാകും. ശേഷമായിരിക്കും സ്ഥാനാർഥികളുടെ അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുക.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനത്തിൽ 1,254 സ്ഥാനാർഥികളിൽ നിന്നായി 2,125 പത്രികകളാണ് ലഭിച്ചത്. ഇവയിൽ 1,757 പത്രികകൾ സ്വീകരിച്ചു. 357 പത്രികകൾ തള്ളുകയും ഇതുവരെ 11 എണ്ണം പിൻവലിക്കുകയും ചെയ്തു. 269 സ്ഥാനാർഥികളുടെ പത്രികകൾ തള്ളി. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളാണ് മത്സരിച്ചത്.
തിരിച്ചറിയണമെന്ന് അരിതാ ബാബു
തിരുവനന്തപുരത്ത് 115 സ്ഥാനാർഥികൾ, കൊല്ലത്ത് 68, പത്തനംതിട്ടയിൽ 25, ആലപ്പുഴയിൽ 53, കോട്ടയത്ത് 62, ഇടുക്കിയിൽ 32, എറണാകുളത്ത് 93, തൃശൂരിൽ 83, പാലക്കാട് 83, മലപ്പുറത്ത് 112, കോഴിക്കോട് 112, വയനാട് 22, കണ്ണൂരിൽ 88, കാസർഗോഡ് 37 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള സ്ഥാനാർഥികളുടെ കണക്കുകൾ.
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലം കോഴിക്കോട് കൊടുവള്ളിയാണ്. 17 സ്ഥാനാർഥികളാണ് ഇവിടെ മത്സരിക്കുന്നത്. ഏറ്റവും കുറവ് സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങൾ തൃശൂർ നാട്ടികയും വയനാട് മാനന്തവാടിയുമാണ്. മൂന്ന് സ്ഥാനാർഥികളാണ് ഈ രണ്ട് മണ്ഡലങ്ങളിലും മത്സരിക്കുന്നത്.
