ടെഹ്റാൻ: രാജ്യത്തെ രണ്ട് പ്രധാന ഊർജ കേന്ദ്രങ്ങളിൽ യുഎസും ഇസ്രയേലും വ്യോമാക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ വൈദ്യുതി നിലയങ്ങൾക്കും ഊർജോൽപാദന കേന്ദ്രങ്ങള്‍ക്കുമെതിരെ 5 ദിവസത്തേക്ക് ആക്രമണം ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.
ഇറാൻ ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനകം തുറന്നില്ലെങ്കിൽ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നായിരുന്നു ട്രംപ് നേരത്തേ പറഞ്ഞിരുന്നത്. പിന്നീടാണ് നിലപാടിൽ മാറ്റം വരുത്തിയത്. ട്രംപിന്റെ പ്രസ്താവനകളെ തള്ളുന്ന രീതിയിലാണ് ഇറാൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇസ്രയേലോ യുഎസോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
അതിനിടെ കരയുദ്ധം നടത്തിയാൽ പേർഷ്യൻ ഉൾക്കടലിൽ വ്യാപകമായി മൈനുകൾ വിതയ്ക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. ഇതു സംഭവിച്ചാൽ ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പൂർണമായി നിലയ്ക്കും. കരയുദ്ധത്തിന് ഇപ്പോൾ പദ്ധതിയൊന്നുമില്ലെന്നാണു ട്രംപിന്റെ നിലപാട്. എന്നാൽ, കരയുദ്ധത്തിനും ഒരുക്കമാണെന്നാണ് ഇസ്രയേൽ നിലപാട്.
ലബനനിൽ സ്ഥിതി ചെയ്യുന്ന യുഎൻ സമാധാനസേനയുടെ ഓഫിസിൽ ഇന്നലെ ഷെല്ലാക്രമണം നടന്നു. ഇസ്രയേലിനു നേരെ ഹിസ്ബുല്ല ശക്തമായ ആക്രമണം നടത്തി. മധ്യ ഇസ്രയേലിൽ ഇന്നലെ ഇറാനിയൻ മിസൈലുകൾ എത്തിയെങ്കിലും അവ തകർത്തു. മറ്റൊരു സംഭവത്തിൽ, തെക്കൻ ഇസ്രയേലിലെ ആഷ്‌കെലോണിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാശനഷ്ടമുണ്ടായി.
