ഇറാനുമായി അഞ്ച് ദിവസത്തെ വെടിനിർത്തൽ; സുപ്രധാന പ്രഖ്യാപനവുമായി ട്രംപ്

0
9

ന്യൂയോർക്ക്: ഇറാനുമായി അഞ്ച് ദിവസത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി നടത്തിയ ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. 24 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണായക വഴിത്തിരിവാണിതെന്നാണ് കരുതുന്നത്. അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകൾ ‘വളരെ മികച്ചതും ഫലപ്രദവുമാണെന്ന്’ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് പറഞ്ഞത്.

ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇറാന്റെ ഊർജ പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെ അമേരിക്ക നടത്തിവന്ന എല്ലാ ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണായക ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്. അതേസമയം, ട്രംപുമായി ചർച്ച നടത്തിയിട്ടില്ലെന്നും അമേരിക്കൻ പ്രസിഡന്റ് പിൻവാങ്ങിയെന്നുമാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന ട്രംപിന്റെ അവകാശവാദത്തെ പൂർണമായും തള്ളിയതായി ഇറാനിയൻ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.

നേരത്തെ ഇറാന്റെ വൈദ്യുത നിലയങ്ങൾക്ക് നേരെ വലിയ ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ ശക്തമായ തിരിച്ചടിക്കുമെന്ന് ഇറാനും അറിയിച്ചിരുന്നെങ്കിലും മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാകുമെന്ന പ്രതീക്ഷയാണ് പുതിയ ചർച്ചകളിലൂടെ ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ട്.

യുദ്ധത്തിന്റെ പുതിയ ആഴ്ചയിലേക്ക് പ്രവേശിച്ചതോടെ പല രാജ്യങ്ങളിലും എണ്ണവില ഉയരുകയും ഓഹരി വിപണികൾ ഇടിഞ്ഞു വീഴുകയും ചെയ്തു.  ടെഹ്റാനിൽ ശക്തമായി ആക്രമണം ഇസ്രയേൽ നടത്തിയിരുന്നു.

ഹോർമുസ് കടലിടുക്ക് എല്ലാ കപ്പലുകൾക്കും വീണ്ടും തുറക്കാൻ ഇറാന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നതിനായി രാജ്യത്തിന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഇറാനിലെ ഖാർഗ് ദ്വീപ് കൈവശപ്പെടുത്താനോ ഉപരോധിക്കാനോ യുഎസ് പദ്ധതികൾ തയ്യാറാക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.ഇറാന്റെ തീരങ്ങളെയോ ദ്വീപുകളെയോ ആക്രമിക്കാനുള്ള ഏതൊരു ശ്രമത്തിനെതിരെയും കടുത്ത മറുപടിയുണ്ടാകുമെന്നാണ് ഇറാൻ പ്രതിരോധ കൗൺസിൽ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചത്. ഇത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ടുകൾക്കിടെ സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന റിപ്പോർട്ടുകൾ വന്നത്.

ഹോർമുസ് പൂർണ്ണമായും വീണ്ടും തുറക്കണമെന്ന ഡോണൾഡ് ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനം ഇറാൻ തള്ളിയതിനെ തുടർന്നാണ് രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നത്.