ഗൾഫ് യാത്രക്കാർക്ക് ആശ്വാസം: കൂടുതൽ വിമാനങ്ങളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

0
12

ദുബായ്/കോഴിക്കോട്: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചും യാത്രാക്ലേശം പരിഹരിക്കുന്നതിനുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സംയുക്തമായി ഇന്ന് (മാർച്ച് 23) ഗൾഫിലേക്ക് 28 സർവീസുകൾ നടത്തും. കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഈ അധിക സർവീസുകൾ വലിയ ആശ്വാസമാകും.

ജിദ്ദയിൽ നിന്ന് കോഴിക്കോട്, മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. ജിദ്ദ റൂട്ടിൽ മാത്രം ആകെ 10 വിമാനങ്ങളാണ് ഇരു കമ്പനികളും ചേർന്ന് ക്രമീകരിച്ചിരിക്കുന്നത്. റിയാദിൽ നിന്ന് കോഴിക്കോട്ടേക്കും ബെംഗളൂരുവിലേക്കും 4 സർവീസുകൾ ഉണ്ടാകും.

യുഎഇയിലേക്ക് ആകെ 10 പ്രത്യേക (നോൺ-ഷെഡ്യൂൾഡ്) സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ മംഗളൂരുവിൽ നിന്ന് ഷാർജയിലേക്കുള്ള സർവീസും ഉൾപ്പെടും. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ദുബായ്, അബുദാബി സെക്ടറുകളിലേക്കും പ്രത്യേക വിമാനങ്ങളുണ്ടാകും.  മസ്കത്തിൽ നിന്ന് ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് 4 ഷെഡ്യൂൾഡ് സർവീസുകൾ നടത്തും.

റദ്ദാക്കിയ റൂട്ടുകളിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധിക നിരക്കില്ലാതെ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റാനോ (റി-ബുക്ക്) അല്ലെങ്കിൽ മുഴുവൻ തുകയും തിരികെ വാങ്ങാനോ (ഫുൾ റി ഫണ്ട്) അവസരമുണ്ട്. യുഎഇയിൽ നിന്ന് ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലേക്കും ടിക്കറ്റ് മാറ്റാൻ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് സാധിക്കും.

യാത്രക്കാർക്ക് വിവരങ്ങൾക്കായി എയർ ഇന്ത്യ വെബ്സൈറ്റോ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ നമ്പറുകളോ (+91 1169329333, +91 1169329999) ബന്ധപ്പെടാം. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് വാട്സാപ് അസിസ്റ്റന്റായ ‘ടിയ’ (+91 63600 12345) വഴിയും വിവരങ്ങൾ ലഭ്യമാണ്. അതേസമയം, യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലേക്കുള്ള വിമാനങ്ങൾ നിലവിലെ ഷെഡ്യൂൾ പ്രകാരം തന്നെ സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.