കോട്ടയം: മുൻ എംഎൽഎ കാരാട്ട് റസാഖ് ഇടതുബന്ധം അവസാനിപ്പിച്ച് യുഡിഎഫിലേക്ക്. ഇന്ന് രാവിലെ പാണക്കാട്ടെത്തി അദ്ദേഹം മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിക്കും. കൊടുവള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി റസാഖ് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം താൻ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ നേതൃത്വവുമായി കാരാട്ട് റസാഖ് ഇതിനിടയില്‍ ഒന്നിടഞ്ഞുവെങ്കിലും പ്രശ്നങ്ങളെല്ലാം പറഞ്ഞ് പരിഹരിച്ചുവെന്നും വാർത്തകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ലീഗിലേക്ക് കാരാട്ട് റസാഖ് മടങ്ങുന്നത്.
മാതൃസംഘടനയിലേക്ക് മടങ്ങാൻ തീരുമാനിച്ചുവെന്ന് കാരാട്ട് റസാഖ് മനോരമ ഓൺലൈനോട് പറഞ്ഞു. ഇടത് ബന്ധം അവസാനിപ്പിച്ച ശേഷമുള്ള റസാഖിന്റെ ആദ്യ പ്രതികരണമാണിത്. ‘‘പൊതുവെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചേർത്തുപിടിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഒരുപാട് മുൻ എംഎൽഎമാരും മന്ത്രിമാരും അതുക്കൊണ്ടാണ് ഇവിടെ നിന്നും പടിയിറങ്ങി പോയത്. ചേർത്തുപിടിക്കുന്നതിൽ താൽപര്യം കാണിക്കാത്ത സാഹചര്യമാണ്. സഹയാത്രികർക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. അതുക്കൊണ്ടാണ് മാതൃസംഘടനയിലേക്ക് പോയി പ്രവർത്തിക്കാൻ തീരുമാനിച്ചത്.
പെട്ടെന്നുള്ള തീരുമാനമാണിത്. ഇന്നലെയാണ് ലീഗ് നേതൃത്വവുമായി ചർച്ച നടത്തിയത്. പാണക്കാട് സയ്യിദ് സാദ്ദിഖലി ശിഹാബ് തങ്ങളുമായും കുഞ്ഞാലിക്കുട്ടി സാഹിബുമായും എം.കെ. മുനീറുമായാണ് സംസാരിച്ചത്. എനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. അതുക്കൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലായിരുന്നു. എൽഡിഎഫിന്റെ സീറ്റ് ചർച്ചകളിൽ നിന്നും ഒഴിഞ്ഞുമാറിയതാണ്. നേരത്തെ എൽഡിഎഫ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ പോകാൻ കഴിഞ്ഞില്ലന്നേയുള്ളൂ’’ – കാരാട്ട് റസാഖ് പറഞ്ഞു.
2016ല്‍ ലീഗിന്‍റെ എം.എ. റസാഖിനെ 573 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിനു വേണ്ടി കാരാട്ട് റസാഖ് അട്ടിമറിച്ചത്. എന്നാല്‍ 2021 ല്‍ എതിരാളിയായി എം.കെ. മുനീര്‍ എത്തി. ഇതോടെ 6344 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പി.വി. അൻവർ എൽഡിഎഫ് ബന്ധം അവസാനിച്ച സമയത്ത് കാരാട്ട് റസാഖ് മുന്നണി വിടുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും അദ്ദേഹം വാർത്തകൾ നിഷേധിക്കുകയായിരുന്നു.
