ടെഹ്റാൻ: ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരീജാനിയുടെ കൊലപാതകത്തിന് പകരം വീട്ടുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി.
നീതി നടപ്പാക്കുമെന്നു പറഞ്ഞ മുജ്തബ ഖമനയി ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരുമെന്നും പറഞ്ഞു. ‘‘ശത്രുക്കളുടെ ശത്രുതയെ മാത്രമാണു ഇത്തരം ഭീകര പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കുന്നത്. നീതി നടപ്പാക്കുക തന്നെ ചെയ്യും’’– ഖമനയി പറഞ്ഞു.
ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് നടത്തിയ വ്യോമാക്രമണത്തിൽ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി അവകാശപ്പെട്ടിരുന്നു. പിന്നാലെ ഇറാൻ ദേശീയ സുരക്ഷാ കൗൺസിലും മരണം സ്ഥിരീകരിച്ചിരുന്നു.
അലി ലാരീജാനി കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ ഇറാൻ സെക്രട്ടറി ഓഫ് സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ (എസ്എസ്എൻഎസ്സി) പുതിയ മേധാവി ആരാകുമെന്ന ചർച്ചകളും സജീവമാക്കിയിട്ടുണ്ട്.
ലാരീജാനിക്കു പകരക്കാരനായി ഐആർജിസി മുൻ കമാൻഡർ മൊഹ്സെൻ റെസായിയുടെ പേരിനാണ് മുൻതൂക്കം. നിലവിൽ മുജ്തബ ഖമനയിയുടെ സീനിയർ സൈനിക ഉപദേശകനാണ് റെസായി. തിങ്കളാഴ്ചയാണ് മുജ്തബ ഈ സ്ഥാനത്തേക്ക് റെസായിയെ നിയമിച്ചത്.
1981 മുതൽ 1997 വരെ 16 വർഷം ഇറാൻ സൈന്യമായ ഇറാൻ റെവല്യൂഷനറി ഗാർഡ്സ് കോറിന്റെ (ഐആർജിസി) കമാൻഡർ ഇൻ ചീഫായിരുന്നു റെസായി. 27ാം വയസ്സിലാണ് റെസായി ഇറാൻ സൈന്യത്തിന്റെ ഭാഗമാകുന്നത്. ഒന്നിലധികം തവണ ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും റെസായി മത്സരിച്ചിട്ടുണ്ട്.
