പഴയ സഹപ്രവർത്തകന്റെ ഓർമ്മയിൽ വികാരാധീനനായി സുധാകരൻ; മത്സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും പ്രതികരണം

0
10

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡും പാർട്ടിയും തീരുമാനമെടുക്കുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ എം.പി. കണ്ണൂരിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ കണ്ണൂരിൽ മത്സരിക്കുമെന്ന തരത്തിൽ സുധാകരൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. മുതിർന്ന നേതാക്കൾ ഇടപെട്ടതിനെത്തുടർന്നാണ് സുധാകരൻ തന്റെ നിലപാടിൽ അയവ് വരുത്തിയതെന്നാണ് സൂചന.

അന്തരിച്ച കോൺഗ്രസ് പ്രവർത്തകൻ കാപ്പാടൻ രമേശിന്റെ കുടുംബത്തിനായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങിൽ സംസാരിക്കവെ സുധാകരൻ വികാരാധീനനായി. പഴയകാല സഹപ്രവർത്തകനായ രമേശിന്റെ ഓർമ്മകൾ പങ്കുവെക്കുന്നതിനിടെ അദ്ദേഹം ഒരു വേള വിതുമ്പി.

“ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത് കാപ്പാടൻ രമേശിന്റെ കാവൽ കൊണ്ടാണ്. സി.പി.എം ആക്രമണങ്ങളിൽ നിന്ന് പലപ്പോഴും എന്നെ രക്ഷിച്ചത് അദ്ദേഹമായിരുന്നു. വാക്കുകൾ കൊണ്ടും വിവരങ്ങൾ കൊണ്ടും എന്നെ സഹായിച്ച വ്യക്തിയാണദ്ദേഹം. ജീവിതത്തിലെ പല പ്രതിസന്ധികളും കടന്നുപോകാൻ രമേശൻ നൽകിയ പിന്തുണ വലുതാണെന്നും സുധാകരൻ സ്മരിച്ചു.