വെഞ്ഞാറമൂട്: വാമനപുരത്ത് ഒരു വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ കുഞ്ഞിനെ താൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് അമ്മ അശ്വതി പൊലീസിനോടു സമ്മതിച്ചു.
വാമനപുരം കണിച്ചോട് വാരിയംകോണം അശ്വതി ഭവനിൽ സുഭാഷ്–അശ്വതി ദമ്പതികളുടെ മകൾ പവിത്രയാണു 12ന് കൊല്ലപ്പെട്ടത്. തുണിയുപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ തുണി വീട്ടിൽ നിന്നു കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത അശ്വതി(35)യെ വെഞ്ഞാറമൂട് പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, ഇന്നലെ തെളിവെടുപ്പിനു വീട്ടിലെത്തിച്ചപ്പോൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് അശ്വതി ജീവനൊടുക്കാൻ ശ്രമിച്ചു. മേശയ്ക്കുള്ളിൽ പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ചിരുന്ന വിഷദ്രാവകം കുടിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് കണ്ടെത്തി പിടിച്ചുവാങ്ങുകയായിരുന്നു.
മുൻപ് ഒന്നിലധികം തവണ അശ്വതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്നും കുഞ്ഞിനുണ്ടായിരുന്ന അസുഖത്തിലും ഓട്ടിസം ബാധിച്ചിട്ടുണ്ടെന്ന സംശയത്തിലും അവർ വിഷാദ രോഗത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷവും ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതായി അശ്വതി മൊഴി നൽകി. ഫാൻ തകർന്ന് താഴെവീണതിനാൽ ശ്രമം പരാജയപ്പെട്ടു. തൊഴിലുറപ്പ് ജോലിക്കു പോയിരുന്ന അശ്വതിയുടെ അമ്മ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണു കട്ടിലിൽ കിടക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടത്.
കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് വാമനപുരത്തെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിനു ശേഷം ഭർത്താവ് സുഭാഷിന്റെ നാടായ പറണ്ടോട് മീനാങ്കലിൽ സംസ്കരിച്ചു. വിരലടയാള വിദഗ്ധർ, ഫൊറൻസിക് സംഘം എന്നിവർ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.
