നാട്ടിലെത്താൻ ചാർട്ടേഡ് വിമാനങ്ങളുംമായി പ്രവാസി സംഘടനകൾ; ആശ്വാസവാർത്തക്ക് മികച്ച പ്രതികരണം

0
6

റിയാദ്: യുദ്ധം ആരംഭിച്ചതിന് പിന്നാലെ യാത്രാ തടസം നേരിട്ടതോടെ നാട്ടിലെത്താൻ കഴിയാതെ ദുരിതത്തിലായ പ്രവാസികൾക്ക് അനുഗ്രഹമായി പ്രവാസി സംഘടനകൾ ചാർട്ടഡ് വിമാന സർവ്വീസുകൾ സംഘടിപ്പിക്കുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സംഘടനകൾ ഇത് സംബന്ധിച്ച നീക്കങ്ങൾ നടത്തിക്കഴിഞ്ഞു. ബഹ്റൈൻ കേരളീയ സമാജം പ്രഖ്യാപിച്ച ചാർട്ടഡ് സർവ്വീസ് പ്രഖ്യാപനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ബഹ്‌റൈനിൽ വ്യോമയാന പാതയിൽ നിയന്ത്രങ്ങൾ തുടരുകയും ഇതിനെ തുടർന്ന് വിമാന സർവ്വീസ് താറുമാറായതിനെ തുടർന്ന് അയൽ രാജ്യമായ സഊദി വഴിയാണ് കേരളത്തിലേക്ക് സർവ്വീസ് നടത്തുന്നത് ദമാമിൽ നിന്ന് കൊച്ചിയിലേക്ക് പ്രഖ‍്യാപിച്ച പ്രത്യേക ചാർട്ടേഡ് വിമാന സർവീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. മാർച്ച് 15,16,17 തീയതികളിലായാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം 3 ദിവസത്തെ ഫ്ലൈറ്റിലേക്കും യാത്രക്കാർ സജ്ജമായതായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു. ബഹ്‌റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയറുമായി സഹകരിച്ചാണ് സർവീസ് നടത്തുന്നത്.

ബഹ്‌റൈനിൽ നിന്ന് യാത്രക്കാരെ സഊദി ബഹ്‌റൈൻ കിങ് ഫഹദ് കോസ്‌വേ വഴി ബസിലായിരിക്കും ദമാം വിമാനത്താവളത്തിലേക്ക് എത്തിക്കുക. അവിടെ നിന്നായിരിക്കും വിമാനം കൊച്ചിയിലേക്ക് പുറപ്പെടുക. ഒരാൾക്ക് 300 ബഹ്‌റൈൻ ദീനാറാണ് നിരക്ക്. ട്രാൻസിറ്റ് വിസ ചാർജും ഗതാഗത ചെലവുകളും ഇതിൽ ഉൾപ്പെടും.

മറ്റു ജിസിസി രാജ്യങ്ങളിലെ സംഘടനകളും സമാന നീക്കവുമായി രംഗത്തുണ്ട്. സഊദിയിൽ പല സംഘടനകളും പ്രാഥമിക ചർച്ചകളും യാത്രക്കാരുടെ കണക്കുകളും ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. യുദ്ധ വിപത്തിലകപ്പെട്ട ആയിരങ്ങൾക്ക് കൂടുതൽ കാത്തിരിപ്പില്ലാതെ നാടണയുവാൻ സാധിക്കുന്ന സംരഭമാണ് ചാർട്ടഡ് വിമാനങ്ങൾ. ഇതുവഴി നിസ്സഹായരായ പ്രവാസികളെ നാട്ടിലെത്തിക്കാനും സംഘടനകൾക്ക് കഴിയും.