സംഘർഷം തുടരവേ പ്രവാസികൾക്ക് ആശ്വാസവുമായി സുപ്രധാന തീരുമാനവുമായി UAE യും ബഹ്‌റൈനും; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം

0
6

ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇ. താമസവിസ കഴിഞ്ഞവർക്കും യുഎഇയിലേക്ക് തിരിച്ചുവരാം. ഫെബ്രുവരി 28 ന് ശേഷം താമസവിസയുടെ കാലാവധി പിന്നിട്ടവർക്ക് മാർച്ച് 31 നകം തിരിച്ചുവരാം എന്നാണ് അറിയിപ്പ്. വിമാനത്താവളങ്ങൾ അടച്ചതിന്‍റെ പേരിൽ മറ്റു രാജ്യങ്ങളിൽ കുടുങ്ങിയവർക്കാണ് ഇളവ്. തിരിച്ചുവരാൻ പുതിയ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ല. സേവനം സൗജന്യമായിരിക്കും എന്നാണ് അറിയിപ്പ്.

ബഹ്റൈനിലും ഇളവ്

ബഹ്റൈനും ചില സുപ്രധാന തീരുമാനങ്ങൾ എടുത്തു. വിസ കാലാവധി നീട്ടുകയും പിഴകൾ ഒഴിവാക്കുകയും ചെയ്തതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷണാലിറ്റി, പാസ്പോര്‍ട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് അറിയിച്ചു. കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾക്ക് പിഴ ഒഴിവാക്കി. ഫെബ്രുവരി 28-ന് കാലാവധി അവസാനിച്ച വിസ കൈവശമുള്ളവർക്ക്, രാജ്യം വിടാൻ വൈകിയതിലൂടെ ഉണ്ടായ പിഴകളിൽ നിന്ന് ഇളവ് അനുവദിച്ചു.

വ്യോമപാതകൾ വീണ്ടും തുറന്നതിന് ശേഷമുള്ള ഒരു മാസക്കാലം കൂടി ഈ ഇളവ് ലഭ്യമാകും. നിലവിൽ ബഹ്‌റൈനിൽ ഉള്ളവരും ഫെബ്രുവരി 28-ന് വിസ കാലാവധി കഴിഞ്ഞവരുമായ എല്ലാത്തരം വിസിറ്റ് വിസ ഉടമകൾക്കും ഈ ആനുകൂല്യം ലഭിക്കും.

ഫെബ്രുവരി 28 വരെ കാലാവധിയുണ്ടായിരുന്നതും എന്നാൽ പ്രത്യേക സാഹചര്യങ്ങൾ മൂലം ഉപയോഗിക്കാൻ കഴിയാത്തതുമായ വിസകൾക്ക് മൂന്ന് മാസത്തെ അധിക കാലാവധി കൂടി അനുവദിച്ചു. ബഹ്‌റൈന് പുറത്തുള്ള സന്ദർശകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിലെ സംഘർഷ സാഹചര്യവും വ്യോമഗതാഗത തടസ്സവും പരിഗണിച്ചാണ് മാനുഷിക പരിഗണന മുൻനിർത്തി ബഹ്‌റൈൻ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.