വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം തുടരവെ പടിഞ്ഞാറന്‍ ഇറാഖില്‍ അമേരിക്കയുടെ വിമാനം തകര്‍ന്ന് വീണു. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ന്നുവീണതായി അമേരിക്കന്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചു.
അതേ സമയം രണ്ടാമത്തെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
‘വിമാനങ്ങളില്‍ ഒന്ന് പടിഞ്ഞാറന്‍ ഇറാഖില്‍ തകര്‍ന്നുവീണു, രണ്ടാമത്തേത് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ശത്രുക്കളുടെ ആക്രമണം മൂലമോ അബദ്ധത്തില്‍ സ്വന്തം സൈന്യത്തിന്റെ വെടിയേറ്റോ അല്ല ഈ അപകടം സംഭവിച്ചത്’- പ്രസ്താവനയില്‍ യു എസ് സൈന്യം വ്യക്തമാക്കി. മിഡില്‍ ഈസ്റ്റിലെ യുദ്ധകാലത്ത് തകരുന്ന നാലാമത്തെ അമേരിക്കന്‍ സൈനിക വിമാനമാണിത്.
അമേരിക്കന്‍ വ്യോമസേനയുടെ കണക്കുകള്‍ പ്രകാരം 60 വര്‍ഷത്തിലേറെയായി സൈന്യം ഉപയോഗിച്ചു വരുന്നതാണ് കെ സി 135 വിമാനങ്ങള്‍. സാധാരണയായി മൂന്ന് ജീവനക്കാരാണ് വിമാനത്തിലുണ്ടാവുക. ഒരു പൈലറ്റ്, ഒരു കോ-പൈലറ്റ് എന്നിവര്‍ക്ക് പുറമെ മറ്റ് വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള ‘ബൂം’പ്രവര്‍ത്തിപ്പിക്കുന്ന ഒരാളും വിമാനത്തിലുണ്ടാകും. ഈ വിമാനത്തില്‍ 37 യാത്രക്കാരെ വരെ വഹിക്കാനും സാധിക്കും.
