വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗനിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ അക്രമിയെ സെക്യൂരിറ്റി ജീവനക്കാർ വെടിവെച്ച് കൊലപ്പെടുത്തി. ഡിട്രോയ്റ്റ് നഗരത്തിനടുത്ത് ടെംപിൾ ഓഫ് ഇസ്രയേൽ സിനഗോഗിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് സംഭവം നടന്നത്.
സംഭവത്തിൽ ആർക്കും ഗുരുതര പരിക്കില്ല. പന്ത്രണ്ടായിരം അംഗങ്ങളുള്ള വലിയ സിനഗോഗിന് നേരെയാണ് ആക്രമണം നടന്നത്. സിനഗോഗിലെ പ്രൈമറി സ്‌കൂളിൽ 140 ഓളം കുട്ടികൾ ക്ലാസ്സിലുള്ള സമയത്തായിരുന്നു ആക്രമണം. എല്ലാവരും സുരക്ഷിതരാണെന്നും ജൂതസമൂഹത്തെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എഫ്ബിഐ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ദേവാലയത്തിന് നേരെ ആക്രമണം നടന്നത്. മുൻവശത്തെ പ്രവേശന കവാടത്തിലൂടെ അക്രമി വാഹനം കെട്ടിടത്തിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായത്.
ആക്രമണത്തിന് പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവച്ച് വഴ്ത്തിയതായി ഓക്ക്‌ലാൻഡ് കൗണ്ടി പൊലീസ് പറഞ്ഞു. വാഹനം ഇടിച്ച് ഒരു സുരക്ഷാ ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്. പരിശോധനയിൽ അക്രമിയുടെ വാഹനത്തിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.
