ചാർട്ടേഡ് വിമാനവുമായി ലുലു; കേരളത്തിൽ‌ നിന്ന് ഗൾഫ് നാടുകളിലേക്ക് പറക്കുന്നത് ടൺ കണക്കിന് പഴം-പച്ചക്കറികൾ

0
11

ലുലു ഗ്രൂപ്പ് സജ്ജമാക്കിയ ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിൽ‌ നിന്ന് ഗൾഫ് നാടുകളിലേക്ക് പറക്കുന്നത് ടൺ കണക്കിന് പഴം-പച്ചക്കറികൾ. ഗൾഫ് നാടുകളിൽ ഭക്ഷ്യസുരക്ഷയും വിലസ്ഥിരതയും ഉറപ്പാക്കുക ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ നേതൃത്വത്തിലാണ് ലുലു ഗ്രൂപ്പ് മാനേജ്മെന്റ് ശ്രദ്ധേയദൗത്യം നിർവഹിക്കുന്നത്.

ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കുവൈത്ത് എയർവേസിന്റെ വിമാനം 36 ടൺ പഴം, പച്ചക്കറികളുമായി ഇന്ന് തിരികെപ്പറന്നു. കഴിഞ്ഞദിവസം ഇത്തിഹാദ് എയർവേസിന്റെ വിമാനത്തിൽ അബുദാബിയിലേക്ക് 80 ടൺ ഭക്ഷ്യോൽപന്നങ്ങൾ കയറ്റിഅയച്ചിരുന്നു.

ജിസിസി രാഷ്ട്രങ്ങളിലെമ്പാടുമുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ചാർട്ടേഡ് വിമാനങ്ങൾക്ക് പുറമേ നിത്യേനയുള്ള ഇത്തിഹാദ്, എയർ അറേബ്യ, സൗദി എയർ, ഫ്ലൈ എമിറേറ്റ്സ്, എയർ ഇന്ത്യ, ഒമാൻ എയർ വിമാന സർവീസുകളിലും ലുലു ഗ്രൂപ്പിന് കീഴിലെ കയറ്റുമതി വിഭാഗമായ ലുലു ഫെയർ എക്സ്പോർട്ട് 6 ടൺ വരെ ഭക്ഷ്യോൽപന്നങ്ങൾ കയറ്റിഅയക്കുന്നുണ്ട്. 

കേരളത്തിൽ നിന്ന് കാർഗോ സർവീസുകളിലടക്കം ഇത്തരം കയറ്റുമതി വരുംദിവസങ്ങളിലും ലുലു തുടരും. പ്രാദേശിക കർഷകർക്കും ഇതു വലിയ നേട്ടമാണ്. ഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്നും ലുലു പ്രത്യേക വിമാനങ്ങളിൽ കയറ്റുമതി നടത്തുന്നുണ്ട്. യുദ്ധപശ്ചാത്തലത്തിൽ കേരളത്തിലെ കയറ്റുമതി മേഖല വരുമാന നഷ്ടം നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് യൂസഫലി അടിയന്തരമായി ഇടപെടുകയും സർക്കാർ സംവിധാനങ്ങളുമായി ഉൾപ്പെടെ സംസാരിച്ച് പരിഹാരമാർഗം കണ്ടെത്തിയതും.