ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യാന്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ എക്സ്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി) ചട്ടങ്ങളോടുള്ള കേന്ദ്രത്തിന്റെ നിലപാടിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന പോസ്റ്റുകളും അക്കൗണ്ടുകളും കൂട്ടത്തോടെ നീക്കം ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരിയിലും ഇതുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഹോട്ട്‌മെയില്‍ സ്ഥാപകനായ സബീര്‍ ഭാട്ടിയ പങ്കുവച്ച, മോദി തെറ്റായി വ്യാഖ്യാനിച്ചെന്ന് ആരോപിക്കുന്ന ഒരു സംസ്‌കൃത സുഭാഷിതത്തെക്കുറിച്ചുള്ള പോസ്റ്റുകളും ന്യൂനപക്ഷ സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ പരാമര്‍ശിക്കുന്ന കുറിപ്പുകളും മോദിയെ പരിഹസിക്കുന്ന ആക്ഷേപഹാസ്യ കാര്‍ട്ടൂണുകളും നീക്കം ചെയ്ത പോസ്റ്റുകളില്‍ ഉള്‍പ്പെടുന്നു. എത്ര പോസ്റ്റുകള്‍ നീക്കം ചെയ്തുവെന്ന കാര്യത്തില്‍ വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ ഈ പോസ്റ്റുകള്‍ ഇന്ത്യയില്‍ മാത്രമാണ് ലഭ്യമാകാത്തത്. മറ്റു രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് അവ കാണാന്‍ സാധിക്കും.
2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ മെറ്റ വലിയ തോതില്‍ ഇത്തരത്തിലുള്ള പോസ്റ്റുകളും അക്കൗണ്ടുകളും ഉള്ളടക്കം നീക്കം ചെയ്തിട്ടുണ്ട്. 2023 ലെ ഇതേ കാലയളവിനേക്കാള്‍ ഏകദേശം മൂന്നിരട്ടിയോളം ഉള്ളടക്കമാണ് നീക്കം ചെയ്തത്. എഐ ഉപയോഗിച്ച് കോണ്‍ഗ്രസ് തയ്യാറാക്കിയ ഒമ്പത് ആക്ഷേപഹാസ്യ പോസ്റ്റുകള്‍ നീക്കം ചെയ്തതായി പാര്‍ട്ടി വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
