സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി എണ്ണടാങ്കർ വിജയകരമായി ഹോർമുസ് കടന്നു

0
12

സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി എണ്ണടാങ്കർ വിജയകരമായി ഹോർമുസ് കടന്നു

റിയാദ്: സഊദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി പുറപ്പെട്ട എണ്ണക്കപ്പൽ നിലവിലെ സങ്കീർണ്ണ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്നു. ഗ്രീക്ക് പതാക വഹിച്ച സഊദി ക്രൂഡ് ഓയിൽ വഹിക്കുന്ന ഷെൻലോങ് സൂയസ്മാക്സ് കപ്പലാണ് ഹോർമുസ് പാത മുറിച്ച് കടന്നത്. ഇറാൻ ഭീഷണികൾക്കിടെ കപ്പലുകൾ ഹോർമുസ് വഴി യാത്ര ചെയ്യാൻ ഭയക്കുന്നതിടനെയാണ് ആശ്വാസ വാർത്ത പുറത്ത് വരുന്നത്.

കിഴക്കൻ സഊദിയിലെ റാസ്തന്നൂ തുറമുഖത്ത് നിന്നും ഒരു മില്യൺ ബാരൽ ക്രൂഡ് എണ്ണയുമായാണ് ഷെൻലോങ് സൂയസ്മാക്സ് മുംബൈയിലേക്ക് തിരിച്ചത്. ആഗോള ക്രൂഡ് കയറ്റുമതിയുടെ വലിയൊരു പങ്ക് കൈകാര്യം ചെയ്യുന്ന ഹോർമുസ് ഇടനാഴിയിലൂടെ നിലവിലെ സങ്കീർണ്ണ സാഹചര്യത്തിൽ അയവ് വരുന്നതും കാത്ത് നൂറുകണക്കിന് കപ്പലുകൾ ജലപാതയുടെ ഇരുവശത്തും നങ്കൂരമിട്ടിരിക്കുകയാണെന്നു റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കപ്പൽ പാതയിലൂടെ ടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനും നേരെ ഇറാൻ വെടിയുതിർക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡുകളിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങൾ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ കപ്പലുകൾ യാത്ര ചെയ്യാൻ മടിക്കുകയും തത്ഫലമായി എണ്ണവില കുത്തനെ കുതിച്ചുയരുകയും ചെയ്തതാണ് വിപണി കണ്ടത്.

ലോകത്തിലെ പ്രധാന എണ്ണ ഗതാഗത കേന്ദ്രങ്ങളിലൊന്നാണ് ഹോർമുസ് കടലിടുക്ക്, ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് ഇവിടെയാണ്. ചില ഗൾഫ് എണ്ണ ഉൽ‌പാദകർ വിതരണം നിർത്തിവച്ചതും ദീർഘകാല ഷിപ്പിംഗ് തടസ്സമുണ്ടാകുമെന്ന ഭയവും വിപണിയെ ബാധിച്ചതിനാൽ തിങ്കളാഴ്ച എണ്ണവില ബാരലിന് 119 ഡോളറിൽ കൂടുതലായി ഉയർന്നു. 2022 ശേഷം ഇതുവരെ കാണാത്ത ഏറ്റവും ഉയർന്ന വിലയിലേക്കാണ് ഈഗോള എണ്ണവിപണി ഉയർന്നത്.