ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെതുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുകയറിയതോടെ ആഭ്യന്തരവിപണിയിലും വില ഉയരുമെന്ന ആശങ്ക ശക്തം.
കഴിഞ്ഞയാഴ്ച പാചകവാതക വില കുത്തനെ ഉയർത്തിയിരുന്നു. പെട്രോൾ– ഡീസൽ വിലകൾകൂടി വർധിപ്പിക്കാൻ കേന്ദ്രം ആലോചിക്കുന്നതായാണ് റിപ്പോർട്ട്. സംഘർഷം തുടർന്നാൽ വൈകാതെ വില കൂട്ടും.
മുമ്പ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും ആഭ്യന്തര വില കുറയ്ക്കാൻ കേന്ദ്രസർക്കാർ കൂട്ടാക്കിയിരുന്നില്ല. നടപ്പുസാമ്പത്തികവർഷത്തെ ആദ്യ ഒമ്പതുമാസം പൊതുമേഖലാ എണ്ണവിതരണ കമ്പനികളുടെ ലാഭം മുൻവർഷത്തെ 19768 കോടി രൂപയിൽനിന്ന് 57810 കോടി രൂപയായി ഉയർന്നിരുന്നു.
അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിൽ വിലയിൽ തിങ്കളാഴ്ച 26 ശതമാനം വർധനയുണ്ടായി. വെള്ളിയാഴ്ച ബാരലിന് 92.69 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡോയിൽ വില തിങ്കളാഴ്ച 116.64 ഡോളറിലെത്തി. ഒരുഘട്ടത്തിൽ 120 ഡോളർവരെയായി വില ഉയർന്നു. സംഘർഷം തുടർന്നാൽ ബാരലിന് 150 ഡോളർവരെ വില ഉയർന്നേക്കാമെന്ന ആശങ്കയുണ്ട്.
ആവശ്യത്തിന് ക്രൂഡോയിൽ കരുതൽ ശേഖരമില്ലാത്തതാണ് ആഭ്യന്തര വിപണിയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തേണ്ട ക്രൂഡോയിൽ കരുതൽ ശേഖരം സർക്കാർ സൂക്ഷിക്കുന്നത് മംഗലാപുരത്തും തമിഴ്നാട്ടിലെ പദൂരിലുമാണ്. മംഗലാപുരത്തെ കരുതൽ ശേഷിയുടെ 50 ശതമാനം മാത്രമാണ് നിലവിലുള്ളത്.
പദൂരിൽ 82 ശതമാനവും. അന്താരാഷ്ട്ര ഉൗർജ ഏജൻസിയുടെ മാനദണ്ഡപ്രകാരം എല്ലാ രാജ്യവും 90 ദിവസത്തെ ക്രൂഡോയിൽ ശേഖരം കരുതേണ്ടതുണ്ട്. എന്നാൽ ഇന്ത്യയിൽ നിലവിൽ 20 ദിവസത്തേക്ക് മാത്രമുള്ള കരുതൽ ശേഖരമാണ് ശേഷിക്കു ന്നത്
