സാഹചര്യങ്ങൾ വീണ്ടും മോശമാകുന്നു; യാത്രക്കാർക്ക് നിർദ്ദേശവുമായി റിയാദ് കിംഗ് ഖാലിദ് വിമാനത്താവളം

0
12

റിയാദ്: ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ സമാധാനം തിരിച്ചു വരുന്നുവെന്ന ആശ്വാസ വാർത്തകൾക്ക് പിന്നാലെ വീണ്ടും ആശങ്കയുടെ കാര്മേഘങ്ങൾ. ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി വീണ്ടും ഡ്രോൺ, മിസൈലുകൾ എത്തുന്നത് സാഹചര്യം മോശമാകുന്നുവെന്ന സൂചനായാണ്. പിന്നാലെ വിമാനത്താവളങ്ങൾ വീണ്ടും മുന്നറിയിപ്പുകൾ നൽകിതുടങ്ങി.

മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങൾ വിമാന സർവീസുകളെ ബാധിച്ചിട്ടുള്ളതിനാൽ, വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി തങ്ങളുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളം യാത്രക്കാരോട് ആവശ്യപ്പെട്ടു.

റിയാദ്, ദമാം ഉൾപ്പെടെ വിമാനത്താവളങ്ങളിൽ വിവിധ സർവീസുകളിൽ കാലതാമസം നേരിടുന്നുണ്ട്. സഊദിയിലേക്ക് ഡ്രോണുകൾ എത്തിയ സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്താണ് കാലതാമസമെന്ന് സൂചന. കേരളത്തിലേക്കുള്ള രാത്രിയിൽ പുറപ്പെടേണ്ട സർവീസുകളും വൈകുന്നുണ്ട്. മണിക്കൂറുകൾക്കകം പുറപ്പെടുമെന്നാണ് വിമാനകമ്പനികൾ യാത്രക്കാർക്ക് അറിയിപ്പ് നൽകിയിരിക്കുന്നത്.

കൃത്യമായ വിവരങ്ങൾക്കും സംശയങ്ങൾക്കും വിമാനക്കമ്പനികളുടെയും വിമാനത്താവളത്തിന്റെയും ഔദ്യോഗിക ആശയവിനിമയ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ വ്യക്തമാക്കി. വിമാനങ്ങളുടെ സമയക്രമത്തിലോ സർവീസുകളിലോ മാറ്റമുണ്ടോ എന്ന് നേരിട്ട് വിളിച്ച് ചോദിച്ചോ വെബ്സൈറ്റുകൾ പരിശോധിച്ചോ ബോധ്യപ്പെട്ട ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.