ഗൾഫ് മേഖല സമാധാനത്തിലേക്ക്: ഇറാൻ പ്രഖ്യാപനത്തിന് പിന്നാലെ വിമാന സർവ്വീസ് പുനഃരാരംഭിച്ച് വിമാന കമ്പനികൾ  

0
12

ഗൾഫ് മേഖല സമാധാനത്തിലേക്ക്: ഇറാൻ പ്രഖ്യാപനത്തിന് പിന്നാലെ വിമാന സർവ്വീസ് പുനഃരാരംഭിച്ച് ദുബൈ

ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ പ്രഖ്യാപനം വന്നത് ആശ്വാസമായി. ആശ്വാസപ്രഖ്യാപനത്തിന് പിന്നാലെ വിമാന സർവ്വീസുകൾ പുനഃരാരംഭിക്കാൻ വിമാന കമ്പനികൾ തീരുമാനം കൈകൊള്ളുന്നു. ഇറാന്റെ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളോട് മാപ്പുചോദിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രഖ്യാപനം.

ദുബൈ

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB), അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) എന്നിവ മാർച്ച് 7 മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. നിലവിൽ പരിമിതമായ എണ്ണം വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. വിമാനക്കമ്പനികളിൽ നിന്ന് കൃത്യമായ സ്ഥിരീകരണം ലഭിച്ചവർ മാത്രം വിമാനത്താവളത്തിലേക്ക് എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഫ്ലൈദുബായ് പ്രവർത്തനം പുനരാരംഭിച്ചു

ദുബായിലേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഫ്ലൈദുബായ് വക്താവ് അറിയിച്ചു. ബുക്കിംഗ് സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നും വരും സർവ്വീസുകളെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുന്നത് തുടരണമെന്നും നിർദ്ദേശിക്കുന്നു.

ബുക്കിംഗും റീബുക്കിംഗും

  • വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക.
  • flydubai.com, flydubai ആപ്പ്, കോൺടാക്റ്റ് സെന്റർ (+971 600 54 44 45), flydubai ട്രാവൽ ഷോപ്പുകൾ അല്ലെങ്കിൽ ട്രാവൽ ഏജന്റുമാർ എന്നിവ വഴി ബുക്കിംഗുകൾ ലഭ്യമാണ്.
  • ഫെബ്രുവരി 28 നും മാർച്ച് 31 നും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അധിക നിരക്ക് ഈടാക്കാതെ 30 ദിവസത്തിനുള്ളിൽ റീബുക്ക് ചെയ്യാം.
  • ട്രാവൽ ഏജന്റ് ബുക്കിംഗുകൾ ഏജന്റ് വഴി നേരിട്ട് കൈകാര്യം ചെയ്യണം.

ഖത്തർ 

ഖത്തർ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) വ്യോമഗതാഗതം രാജ്യത്തിന്റെ ഭാഗികമായി പുനരാരംഭിച്ചതായി പ്രഖ്യാപിച്ചു. ഖത്തരി സായുധ സേനയുമായും ബന്ധപ്പെട്ട രാജ്യ സുരക്ഷ അധികാരികളോടൊപ്പവുമുള്ള പൂർണ്ണ ഏകോപനത്തോടെ, പരിമിതമായ ശേഷിയുള്ള സമർപ്പിത അടിയന്തര വ്യോമ ഇടനാഴികളിലൂടെയായിരിക്കും വ്യോമഗതാഗതം നടത്തുകയെന്ന് അതിൽ പറയുന്നു.

നിലവിലെ പ്രഖ്യാപനത്തിൽ യാത്രക്കാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേകമായി പരിമിതമായ എണ്ണം വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നുവെന്നും അവശ്യ സാധനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിന് ചരക്ക് പ്രവർത്തനങ്ങൾ സുഗമമാക്കുന്നുവെന്നും അറിയിച്ചു.

യു എസിന് കീഴടങ്ങില്ല, ഗൾഫിലേക്ക് ആക്രമണം ഉണ്ടാകില്ല 

ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കിൽ ഈ രാജ്യങ്ങളെ  ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ അറിയിച്ചു. ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ ഇറാൻ കീഴടങ്ങില്ലെന്നും പെസഷ്കിയാൻ പറഞ്ഞു.

യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളെ ഇറാൻ ലക്ഷ്യംവെച്ചത്. ഇത് മേഖലയിൽ കടുത്ത സംഘർഷാവസ്ഥയും അനിശ്ചിതത്വവും പടരാൻ ഇടയാക്കിയിരുന്നു.

സഊദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് അടക്കമുള്ള രാജ്യങ്ങളെയാണ് ഇറാൻ ആക്രമിച്ചത്. ഹോർമൂസ് കടലിടുക്ക് അടക്കുകയും ചെയ്തിരുന്നു. ഒമാൻ തുറമുഖങ്ങൾക്കും ഇന്ധന ടാങ്കറുകൾക്കും നേരെയും ഇറാൻ ആക്രമണം അഴിച്ചുവിട്ടിരുന്നു.