യുദ്ധം അവശ്യസാധങ്ങളുടെ ഇറക്കുമതിയെയും ബാധിക്കുന്നു, പ്രതിസന്ധിമറികടക്കാൻ നീക്കം തുടങ്ങി ഗൾഫ് രാജ്യങ്ങൾ; ചരക്ക് എടുക്കാൻ മാത്രമായി അബുദാബിയിൽ നിന്ന് വിമാനം കേരളത്തിലേക്ക്

0
15
  • 150 ടൺ പഴം പച്ചക്കറി വിഭവങ്ങളാണ് പ്രതിദിനം കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കയറ്റുമതി ചെയ്യുന്നത്

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ചരക്ക് എടുക്കാൻ മാത്രമായി അബുദാബിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ വിമാനം എത്തും. പ്രത്യേക കാർഗോ വിമാനത്തിൽ പച്ചക്കറികൾ മാത്രം കൊണ്ട് പോകും. സാധാരണ ചരക്ക് കൊണ്ട് പോകുന്നത് യാത്ര വിമാനങ്ങളിലാണ്. കൊച്ചിയിൽ നിന്നുള്ള ചരക്കുനീക്കം 60 ശതമാനത്തോളം കുറഞ്ഞെന്ന് വിമാനത്താവള അധികൃതർ വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ട്പ ചെയ്യുന്നു.

പ്രതിസന്ധി മറികടക്കാൻ ഇനിയും സമയം എടുക്കുമെന്നും കാർഗോ എച്ച്ഒഡി സതീഷ് കുമാർ പൈ വ്യക്തമാക്കി. പച്ചക്കറികൾ കാർഗോയിലേക്ക് എത്തിക്കുന്നത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് സിയാൽ കാർഗോ വിഭാഗം തലവൻ പ്രതികരിച്ചു.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം കനത്തതോടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി പൂർണമായും നിലച്ചിരുന്നു. കോടികളുടെ നഷ്ടമാണ് ഇതോടെ കയറ്റുമതി മേഖലയ്ക്ക് വന്നിരിക്കുന്നത്. വിമാന സര്‍വീസുകൾ മുടങ്ങിയതോടെ വ്യോമമാര്‍ഗമുള്ള കയറ്റുമതിയും ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ കപ്പൽ വഴിയുള്ള ചരക്ക് നീക്കവും മുടങ്ങിയതാണ് പ്രതിസന്ധിയുടെ ആഘാതം കൂട്ടിയത്.

റംസാൻ കാലത്ത് ജിസിസി രാജ്യങ്ങളിലേക്കുള്ള കയറ്റുമതി താളം തെറ്റിയതോടെ വലിയ സാമ്പത്തിക നഷ്ടത്തിലാണ് ഈ മേഖല. 150 ടൺ പഴം പച്ചക്കറി വിഭവങ്ങളാണ് പ്രതിദിനം കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കയറ്റുമതി ചെയ്യുന്നത്. ഇതിന്റെ മൂന്നിലൊന്ന് ശതമാനവും തിരുവനന്തപുരം വിമാനത്താവളം വഴിയാണ്. ഗൾഫ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായി വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഒരു ടൺ പോലും പിന്നീട് കയറ്റുമതി ചെയ്തിട്ടില്ല.