ടെഹ്റാൻ: ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളോട് സന്ധി സംഭാഷണത്തിനൊരുങ്ങി ഇറാൻ. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നുവെന്നും അമേരിക്കൻ – ഇസ്രായേൽ ആക്രമണത്തിന് മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്നും ഇറാൻ പറഞ്ഞു. മേഖലയുടെ സ്ഥിരതയ്ക്കായി ഒന്നിച്ചു നിൽക്കാമെന്നും ഇറാൻ പ്രസിഡന്റ് സൂദ് പെസഷ്കിയാൻ അറിയിച്ചു.
നേരത്തെ, ഖത്തർ പ്രധാനമന്ത്രിയുമായും ഇറാൻ വിദേശകാര്യ മന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. ഖത്തറിന് നേരെയല്ല തങ്ങളുടെ ആക്രമണമെന്ന് ഇറാൻ അറിയിച്ചെങ്കിലും ഇറാന്റെ വാദങ്ങൾ തള്ളിയായിരുന്നു ഖത്തറിൻ്റെ മറുപടി. ഇറാൻ, ജനങ്ങളെ ആക്രമിച്ചുവെന്നും തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചുവെന്നും ഖത്തർ പ്രതികരിച്ചു.
മേഖലയിൽ തുടരുന്ന ആക്രമണം നിർത്തണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ഇതിനിടെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുമായും ഇറാൻ സമവായ നീക്കം നടത്തിയെന്നുള്ള വിവരം പുറത്തുവരുന്നത്. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ദിവസങ്ങളോളമായി ഗൾഫ് മേഖലയാകെ സ്തംഭിച്ച് നിൽക്കുന്നതിനിടെയാണ് സമവായ നീക്കവുമായി ഇറാൻ രംഗത്തെത്തുന്നത്.
ഇറാനിയൻ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണം; 80 നാവികർ കൊല്ലപ്പെട്ടു
ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 80 നാവികർ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സർക്കാർ അറിയിച്ചു.
ലങ്കൻ ഡെപ്യൂട്ടി വിദേശ കാര്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ യുഎസ് ആണവ അന്തർവാഹിനിയാണ് ആക്രമണം നടത്തിയത്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയാണ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നത്. കപ്പൽ ആക്രമിച്ചത് തങ്ങളാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു.
