‘ഒപ്പം നിൽക്കുമെന്ന് മോദി’: ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് യുഎഇ

അബുദാബി: മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന സൈനിക നീക്കങ്ങൾ ചർച്ച ചെയ്യാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു.

യുഎഇയ്ക്കെതിരായ ഇറാൻ ആക്രമണങ്ങളെ മോദി ശക്തമായി അപലപിക്കുകയും യുഎഇയുടെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഇന്ത്യയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഇന്ത്യയുടെ പിന്തുണയ്ക്ക് യുഎഇ പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി.

സംഘർഷം കൂടുതൽ രൂക്ഷമാകാതെ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. പ്രാദേശിക സ്ഥിരത നിലനിർത്താനും സാഹചര്യം കൂടുതൽ വഷളാകുന്നത് തടയാനും ഇത് അനിവാര്യമാണെന്ന് അവർ വ്യക്തമാക്കി.